താപനില ഉയരുന്നു;തലവേദന, മൈഗ്രേൻ ശ്രദ്ധിക്കാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില 50 ഡിഗ്രിയിലേക്ക് അടുക്കുന്നു. താപനില ഉയരുന്നതിനനുസരിച്ച് വേനൽക്കാലത്ത് തലവേദനയും മൈഗ്രേനുകളും വർധിക്കുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. കിടത്തിച്ചികിത്സ തേടുന്ന രോഗികളിൽ 10-20ശതമാനം വർധനക്കും ഇത് കാരണമാകുന്നു. കാലാവസ്ഥയിലെ മാറ്റം തലവേദനക്ക് ഇടയാക്കും.
നിർജ്ജലീകരണം, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ദിനചര്യകളിലേക്കുള്ള മാറ്റം തുടങ്ങിയ ഘടകങ്ങളെല്ലാം തലവേദനയുടെ തുടക്കത്തിന് കാരണമാകും. വേനൽക്കാലത്ത് തലവേദന കൂടുതലായി കാണപ്പെടുമെന്ന് മെഡിക്കൽ പ്രഫഷനലുകൾ വിശദീകരിക്കുന്നു.
ചൂട് പൊതുവെ തലവേദനക്ക് കാരണമായ ഘടകങ്ങളെ ഉത്തേജിപ്പിക്കും. മൈഗ്രേൻ രോഗികളിൽ ഇത് വലിയ പ്രയാസം സൃഷ്ടിക്കും. ഓരോ അഞ്ചു ഡിഗ്രി സെൽഷ്യസ് താപനില ഉയരുമ്പോഴും കടുത്ത തലവേദനക്കുള്ള സാധ്യത 7.5ശതമാനം വർധിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ.
തലവേദനക്കൊപ്പം ഉറക്കരീതികളിലെ മാറ്റങ്ങൾക്കും ചൂട് കാരണമാകും. മൈഗ്രേൻ അനുഭവപ്പെടാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് മൂന്നിരട്ടി കൂടുതലാണ്. തലവേദന ദിവസങ്ങൾ നീണ്ടു നിൽക്കുന്നതും, ഗുരുതരവുമാണെങ്കിൽ ഡോക്ടറെ സമീപിക്കാനും ചികിത്സ തേടാനും മടികാണിക്കരുത്. തുടക്കത്തിലേ ചികിത്സ വേദന ശമിപ്പിക്കാൻ മാത്രമല്ല, ചെലവേറിയ തുടർ ചികിത്സയിൽനിന്ന് ഒഴിവാകാനും സഹായിക്കും.
നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, ഇടക്കിടക്ക് തണുത്ത വെള്ളത്തിൽ മുഖം കഴുകുക, പകൽ സമയം യാത്ര ഒഴിവാക്കുക തുടങ്ങിയവയിലൂടെ തലവേദനയുടെ ആഘാതം കുറക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.