കുവൈത്തിൽ വരും വർഷങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ഒരുദശകം പിന്നിടുന്നതോടെ രാജ്യത്ത താപനില ഇനിയും ഉയർന്ന് അപകടകരമായ അവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്.2010നെ അപേക്ഷിച്ച് 2035 ആകുന്നതോടെ വാർഷിക താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് അപകടകരമായ അവസ്ഥയാണെന്നും കാലാവസഥ വിദഗ്ധൻ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി.
കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് 2010 മുതൽ 2021വരെയുള്ള വർഷങ്ങളിൽ താപനില 1.1 ഡിഗ്രി സെൽഷ്യസ് വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ ജനവാസ മേഖലകളായ ജഹ്‌റ മേഖലയിൽ 54 ഡിഗ്രി, സുലൈബിയ മേഖലയിൽ 53 ഡിഗ്രി എന്നിങ്ങനെ റെക്കോഡ് താപനില രേഖപ്പെടുത്തിയിരുന്നു. 1980കളിലും 1990 കളിലും വർഷത്തിൽ ഒന്നോ രണ്ടോ നാലോ ദിവസങ്ങളിൽ മാത്രമേ 50 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില കുവൈത്തിൽ രേഖപ്പെടുത്തിയിരുന്നുള്ളു. ഇപ്പോൾ ഇത് വർഷത്തിൽ 20 ദിവസം വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഖരാവി പറഞ്ഞു.
രാജ്യത്ത് വീശിയടിക്കുന്ന വായു, മിന്നൽ, പൊടിക്കാറ്റ് എന്നിവയുടെ തീവ്രതയും വർധിച്ചതായും ഇത് പല രോഗങ്ങൾക്കും കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വടക്കും തെക്കും വ്യാപിച്ചുകിടക്കുന്ന വിശാലമായ മരുഭൂമികളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ കുവൈത്തിന് താപനിലയിലെ വർധന ലഘൂകരിക്കാൻ കഴിയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.