പത്ത് സിവിൽ െഎ.ഡി വിതരണ യന്ത്രം കൂടി സ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി പത്ത് സിവിൽ െഎ.ഡി വെൻഡിങ് യന്ത്രങ്ങൾ കൂടി സ്ഥാപിച്ചു. സൗത്ത് സുർറയിലെ അതോറിറ്റി ആസ്ഥാനത്തെ റിസപ്ഷൻ ഹാളിലാണ് അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ചത്. ഇതോടെ കാർഡ് സംഭരണ ശേഷി വർധിച്ചു. വിവിധ ഗവർണറേറ്റുകളിലായി 80 വെൻഡിങ് മെഷീനുകളാണ് അതോറിറ്റിക്ക് ഇപ്പോഴുള്ളത്.
ഉപഭോക്താക്കളുടെ ഫോൺ വഴി ബാർകോഡ് സ്കാൻ ചെയ്യാൻ കഴിയുന്ന സ്മാർട്ട് ഉപകരണങ്ങളാണ് സ്ഥാപിച്ചത്. ആദ്യ തവണത്തെ കാർഡ് വിതരണത്തിനും നഷ്ടപ്പെട്ടവ മാറ്റിയെടുക്കുന്നതിനും കഴിയും. ആസ്ഥാനത്തെ കിയോസ്ക്കുകളിൽ കെട്ടിക്കിടക്കുന്നത് ലക്ഷത്തിലേറെ സിവിൽ െഎ.ഡി കാർഡുകളാണ്. എല്ലാ നടപടികളും പൂർത്തിയായി ബന്ധപ്പെട്ട വ്യക്തികൾക്ക് എടുത്തുപോകാനായി കിയോസ്ക്കുകളിൽ നിക്ഷേപിച്ച കാർഡുകളാണ് അവിടെത്തന്നെ കിടക്കുന്നത്.
അപേക്ഷ നൽകിയ നിരവധി പേർ വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു. തയാറായ കാർഡുകളിൽ ഭൂരിഭാഗവും വിദേശത്തുനിന്ന് ഒാൺലൈനായി പുതുക്കുകയും ഫീസ് അടക്കുകയും ചെയ്തവരുടേതാണ്. ഇവിടെയുള്ളവരും അശ്രദ്ധ കാരണവും മറ്റും കാർഡ് എടുക്കാൻ എത്താത്തതായുണ്ട്. മാസങ്ങൾക്കുമുമ്പ് നിക്ഷേപിച്ച കാർഡുകളും കൊണ്ടുപോയിട്ടില്ല. പുതിയ കാർഡുകൾ നിക്ഷേപിക്കണമെങ്കിൽ നിലവിലുള്ളതിെൻറ വലിയൊരു ഭാഗം ആളുകൾ ഏറ്റുവാങ്ങേണ്ടതുണ്ട്.
തങ്ങളുടെ സിവിൽ െഎ.ഡി കാർഡുകൾ വിതരണത്തിന് സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാം. വിതരണത്തിന് തയാറായ കാർഡുകൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുനൽകുന്ന സംവിധാനവും പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.