സന്ദേശം അയച്ച് തട്ടിപ്പ്; വ്യാജ സൈറ്റുകളും സൂക്ഷിക്കണം
text_fieldsകുവൈത്ത് സിറ്റി: ഫോണിലേക്ക് സന്ദേശം അയച്ച് പണം തട്ടിയെടുക്കലിന് കുറവില്ല. കഴിഞ്ഞ ദിവസം മലയാളിക്ക് 102 ദീനാർ നഷ്ടപ്പെട്ടു. ഗതാഗതനിയമലംഘനത്തിന് പിഴ അടക്കണം എന്ന മെസേജ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വന്നിരുന്നു. ലിങ്ക് തുറന്നപ്പോൾ പൊലീസ് സൈറ്റിന് സമാനമായിരുന്നു. ഔദ്യോഗിക മന്ത്രാലയത്തിൽ നിന്നുതന്നെയാകും സന്ദേശം വന്നതെന്ന ധാരണയിൽ നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ സൈറ്റിൽ കയറി വിവരങ്ങൾ നൽകി. ഇതോടെ പണം നഷ്ടപ്പെടുകയായിരുന്നു.
ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യുകയും പുതിയ കാർഡ് കൈപ്പറ്റുകയും ചെയ്തു. അക്കൗണ്ടിലേക്ക് ലിങ്കുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകകള്‍ പരിശോധനക്കുശേഷം മാത്രമാണ് ബാങ്കുകൾ റിലീസ് ചെയ്യുന്നത്. വേഗത്തിൽ പരാതി നൽകിയതിനാൽ തുക തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പണം നഷ്ടപ്പെട്ടയാൾ പറഞ്ഞു.
വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് പേമെന്റ് ലിങ്കുകള്‍ ബാങ്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികൾ സ്വീകരിക്കണം. ആളുകളെ കബളിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തിൽ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഓൺലൈൻ പണമിടപാടുകൾക്കുമുമ്പ് വിശ്വാസ്യത ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി. വിശ്വസനീയ രൂപത്തിൽ സന്ദേശം അയച്ചും ഫോൺവിളിച്ചും പണം കൈക്കലാക്കാൻ പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ വലവിരിക്കുന്നത്.
ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിലാണ് പലപ്പോഴും കാൾ, സന്ദേശങ്ങൾ എന്നിവ എത്തുക. വ്യക്തിവിവരങ്ങളുടെ അപ്ഡേഷൻ, വിവിധ നിയമലംഘനങ്ങൾ, ഗതാഗത നിയമലംഘന പിഴ, വാക്സിനേഷൻ എന്നീ വിവരങ്ങൾ ചൂണ്ടിക്കാട്ടി വിവിധ ലിങ്കുകൾ അയക്കുകയും ഒ.ടി.പി കരസ്ഥമാക്കി പണംതട്ടുകയുമാണ് രീതി. അടുത്തിടെ പൊലീസ് എന്ന് വിശ്വസിപ്പിച്ച് ഔദ്യോഗിക വേഷത്തിൽ വാട്സ്ആപ് കാളിൽ വന്ന് പണം തട്ടൽ വ്യാപിച്ചിരുന്നു.
ഇവ ശ്രദ്ധിക്കാം:
- പണ ഇടപാടിനുമുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണം
- പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടണം
- എ.ടി.എം കാർഡ് മാറ്റണം. ബാങ്കുകളിൽ ഇതിന് സൗകര്യമുണ്ട്
- ഓൺലൈൻ ആപ് ഡിലീറ്റ് ചെയ്യണം
- ബാങ്കിൽനിന്ന് ആപ് ബ്ലോക്ക് ചെയ്യിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.