വെൽനസ് ചലഞ്ചേഴ്സ് കൂട്ടായ്മക്കു കീഴിൽ സ്ത്രീകളും കുട്ടികളും യുവാക്കളും ആരോഗ്യ പരിപാലനത്തിൽ സജീവമാകുന്നു
text_fieldsദോഹ: െവള്ളിയാഴ്ചകളിലെ പുലർവേളയിൽ ഖത്തറിെൻറ പല കോണുകളിൽ നിങ്ങൾക്ക് ഇവരെ കാണാം. അവധിയുടെ ഉറക്കച്ചടവിലേക്ക് ദിവസം പുലരുന്ന പ്രഭാതത്തിൽ സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങിയ ഈ സംഘം നടത്തവും വ്യായാമവും ഓട്ടവുമെല്ലാമായി സജീവമാവും. കഴിഞ്ഞ രണ്ടുവർഷങ്ങളായി ഖത്തറിലെ വെള്ളിയാഴ്ച പ്രഭാതാകാഴ്ചയാണ് 'വെൽനസ് ചലഞ്ചേഴ്സ്'. ആരോഗ്യമുള്ള ശരീരം, ആരോഗ്യകരമായ ജീവിതം എന്ന സന്ദേശവുമായി ഒത്തുചേരുന്ന ഈ കൂട്ടായ്മക്ക് ദേശഭാഷാ വ്യത്യാസമില്ല. വെറുമൊരു വ്യായാമത്തിനപ്പുറം വളർന്നു പന്തലിച്ച സൗഹൃദവുമായി വെൽനസ് സജീവമാവുകയാണ്. കോവിഡിനും മുമ്പായിരുന്നു വെൽനസിെൻറ പിറവി. എറണാകുളം സ്വദേശിയായ എബി ജോർജിെൻറ നേതൃത്വത്തിലെ പ്രഭാഷ് ക്ലബിൽനിന്ന് തുടക്കം. സുഹൃത്തുക്കൾക്കൊപ്പമുള്ള പതിവ് വ്യായാമത്തെ ഇവർ കുറെകൂടി സർഗാത്മകമാക്കി. ഒാരോ വെള്ളിയാഴ്ചയും പുലർച്ചെ 4.30ഓടെ വ്യത്യസ്ത ഇടങ്ങളിൽ നടത്തവും വ്യായാമവുമായി സംഗമിക്കുക. ആരോഗ്യ സംരക്ഷണത്തിനൊപ്പം ഖത്തറിനെ അറിയാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള വേദിയായി അത് മാറി.
രണ്ടുവർഷം മുമ്പ് ആരംഭിച്ച 'വെൽനസ് ചലഞ്ചേഴ്സ്' കോവിഡിനിടയിലും തളർന്നില്ല. ഇപ്പോൾ, 60ഓളം സജീവ അംഗങ്ങളുള്ള സംഘമായി. നടത്തവും വ്യായാമവുമായി തുടങ്ങിയവർ 42 കിലോമീറ്റർ ദൂരമുള്ള രാജ്യാന്തര മാരത്തോണുകളിലെ മത്സരാർഥികളായി തുടങ്ങി. കോവിഡ് കാലത്ത് മാരത്തണുകൾ വെർച്വലായതിനെ അനുഗ്രഹമാക്കിയാണ് വെൽനസിൽനിന്നും മാരത്തൺ ഓട്ടക്കാർ പിറവിയെടുത്തത്. അടുത്തിടെ നടന്ന അബൂദബി മാരത്തണിൽ ഈ കൂട്ടായ്മയിലെ ഏഴ് പേരാണ് പങ്കെടുത്തത്. അൽഖോറിൽനിന്നും ദോഹവരെ ഓടി ഇവരിൽ രണ്ടുപേർ 42 കിലോമീറ്റർ ഫുൾമാരത്തൺ പൂർത്തിയാക്കിയപ്പോൾ, അഞ്ചുപേർ ഹാഫ് മാരത്തൺ തികച്ചു. 'സ്ട്രാവ' എന്ന മൊബൈൽ ആപ്ലിക്കേഷെൻറ സഹായത്തോടെയാണ് വെർചൽ മാരത്തൺ മുതൽ ദൈനംദിന വ്യായാമം വരെ ചെയ്യുന്നത്. ദോഹ വെർചൽ മാരത്തൺ, ഗ്രീക്ക് മാരത്തൺ, ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഖത്തർ റൺ തുടങ്ങിയ മത്സരങ്ങളിലും ഇവർ പങ്കാളികളായി.
ആരോഗ്യ സംരക്ഷണവും കായിക സംസ്കാരവും ഹൃദയത്തിൽ ചേർത്ത ഖത്തർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് ഈ കൂട്ടായ്മ. ലോകകപ്പിനായി ഒരുക്കിയ സ്റ്റേഡിയങ്ങളോട് ചേർന്നുള്ള വ്യായാമ സ്ഥലങ്ങളും കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ഒളിമ്പിക് സൈക്ലിങ് ട്രാക്കുകളുമെല്ലാം അനുഗ്രഹമായി. 'വെറുമൊരു നടത്തവും വ്യായാമവും മാത്രമല്ല ലക്ഷ്യം. അതുവഴി ഖത്തറിലെ ഓരോ സ്ഥലങ്ങൾ അടുത്തറിയാനും കൂടുതൽ ആളുകളെ പരിചയപ്പെടാനും കഴിയുന്നു. കതാറ, അൽ ബെയ്ത് സ്റ്റേഡിയം, ആസ്പയർ സോൺ, അൽ സദ്ദ് സ്റ്റേഡിയം, ദോഹ കോർണിഷ്.. അങ്ങനെ പല വേദികളിലാണ് ഓരോ ആഴ്ചയും സംഗമിക്കുന്നത്' -വെൽനസ് ചലഞ്ചേഴ്സിലെ പ്രധാനിയായ സമീർ വാകേൻ പറയുന്നു.
രണ്ടുവർഷം പിന്നിടുന്ന വെൽനസ് ചലഞ്ചേഴ്സ് ഇപ്പോൾ കൂടുതൽ പ്രഫഷനലുകളുമാവുകയാണ്. രാജ്യാന്തര അത്ലറ്റുകൾ കൂടി അംഗങ്ങളായുള്ള ദോഹ റണ്ണേഴ്സ് ക്ലബുമായി ചേർന്ന് പരിശീലനവും സാങ്കേതിക ഉപദേശവുമെല്ലാം ലഭ്യമാക്കുന്നുണ്ട്. അംഗങ്ങളുടെ ദൈനംദിന വ്യായാമങ്ങൾ നിരീക്ഷിക്കുകയും അവക്ക് ഡയറ്റ് മുതൽ എല്ലാ തരത്തിലുള്ള വിദഗ്ധ ഉപദേശങ്ങൾ നൽകാൻ വരെ ടീമുണ്ട്. എബി ജോർജ്, സമീർ വാകിയൻ, നൗഫൽ തിക്കോടി, ഫൈസൽ പേരാമ്പ്ര, സബീർ പടപ്പേതിൽ, സന്തോഷ് പോൾ, ടീന അഭയ്, ആദില നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ കൂട്ടായ്മ പടർന്നു പന്തലിക്കുകയാണ്. 'കൈക്കുഞ്ഞുങ്ങളും കുട്ടികളുമായി ചൂടിനേയും തണുപ്പിനെയും വകവെക്കാതെയാണ് സ്ത്രീകളും വെൽനസ് ചലഞ്ചേഴ്സിനൊപ്പം ചേരുന്നത്. മറ്റുള്ള കാര്യങ്ങളിലെന്ന പോലെ കുടുംബത്തിെൻറ ആരോഗ്യ കാര്യത്തിലും ഓരോരുത്തരും ജാഗ്രത പുലർത്തണം എന്ന സന്ദേശം ഈ കൂട്ടായ്മ ഉയർത്തിപ്പിടിക്കുന്നു' -അംഗമായ ഷിറിൻ സബീർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.