ഗൂഗ്ൾ ക്ലൗഡുമായുള്ള കരാർ ഗുണകരമാകുമെന്ന് മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിൽ സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിനായി ഗൂഗ്ൾ ക്ലൗഡുമായി ഒപ്പുവെച്ച കരാറിനെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ സൈഫ് പാലസിൽ ചേർന്ന യോഗത്തിൽ, കരാർ സർക്കാറിന് ഗുണകരമായിരിക്കുമെന്ന് വിലയിരുത്തി. സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്ന പ്രവർത്തന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും അറിയിച്ചു.
ഗൂഗ്ൾ ക്ലൗഡ് ടെക്നോളജി, ഡേറ്റ വിശകലനം എന്നിവയിൽനിന്ന് നേട്ടമുണ്ടാക്കാൻ കരാർ സഹായിക്കും. കുവൈത്ത് വിഷൻ 2035ന്റെ പ്രധാന ഭാഗമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിന് സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രധാന ഘടകമാണെന്നും ചൂണ്ടികാട്ടി.
കുവൈത്തിൽ ഓഫിസ് തുറന്ന് സർക്കാർ ഏജൻസികളെ പിന്തുണക്കുന്ന സ്വന്തം ക്ലൗഡ് ഏരിയ സ്ഥാപിക്കുമെന്ന് ഗൂഗ്ൾ അറിയിച്ചു. ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി.എ.ഐ.ടി), കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാകും ഇത്. രാജ്യത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കും മറ്റുള്ളവർക്കും ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും നൽകും. ഇതിന് സി.എ.ഐ.ടിയുമായി സഹകരിച്ചാകും ഗൂഗ്ൾ ക്ലൗഡ് പ്രവർത്തിക്കുക.
അൽ അഖ്സ മസ്ജിദിലെ കടന്നുകയറ്റത്തെ അപലപിച്ചു
ഇസ്രായേൽ സേനയുടെ സംരക്ഷണത്തോടെ അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ മന്ത്രി അതിക്രമിച്ചു കയറിയതിനെ മന്ത്രിസഭ ശക്തമായി അപലപിച്ചു. മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഇതെന്ന് മന്ത്രിസഭ ചൂണ്ടികാട്ടി. ഇസ്രായേൽ നടത്തുന്ന ഇത്തരം ലംഘനങ്ങൾ തടയുന്നതിനും ഫലസ്തീൻ ജനതക്കും അവരുടെ സ്വത്തുക്കൾക്കും പൂർണസംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 25ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ വിജയകരമായ തുടക്കത്തിൽ ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയെ മന്ത്രിസഭ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.