12 രാജ്യങ്ങളിലേക്കുള്ള സർവിസ് ആരംഭിച്ചതോടെ വിമാനത്താവളം സജീവം
text_fieldsകുവൈത്ത് സിറ്റി: അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലേക്കുള്ള വിമാന സർവിസ് പുനരാരംഭിച്ചതോടെ സജീവമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. 25 വിമാനങ്ങളിലായി 4000ത്തിലധികം യാത്രക്കാരാണ് കഴിഞ്ഞ ദിവസം കുവൈത്തിൽനിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്രയായത്.
മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് പ്രകടമായത്. 12 രാജ്യങ്ങളിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ച ശേഷം ആദ്യമായി പറന്നത് ജസീറ എയർവേസിെൻറ ത്ബിലിസിലേക്കുള്ള വിമാനമായിരുന്നു. 160 യാത്രികരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് 12 രാജ്യങ്ങളിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കാൻ അനുമതിയായത്. ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ, നെതർലൻഡ്സ്, ഇറ്റലി, ഒാസ്ട്രിയ, ഫ്രാൻസ്, കിർഗിസ്താൻ, ബോസ്നിയ, ഹെർസെഗോവിന, ജർമനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗത്തിനാണ് അനുമതി നൽകിയത്.
വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തെത്തുടർന്ന് യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് വിമാനത്താവളം. പ്രതിദിനം 35000 അറൈവൽ യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയതായി സിവിൽ ഏവിയേഷൻ പ്ലാനിങ് വിഭാഗം മേധാവി സഅദ് അൽ ഉതൈബി പറഞ്ഞു. വിമാനത്താവളത്തിെൻറ പ്രവർത്തനം 30 ശതമാനം ശേഷിയിൽ കൂടരുതെന്ന് മന്ത്രിസഭ നിർദേശമുണ്ട്.
വിമാനത്താവളത്തിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതായും യാത്രയാക്കാനോ സ്വീകരിക്കാനോ ആരെയും വിമാനത്താവളത്തിനകത്തേക്ക് കടത്തിവിടില്ലെന്നും സഅദ് അൽ ഉതൈബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.