സ്വദേശികൾക്ക് തൊഴിലിന് അപേക്ഷിക്കാൻ ആപ് തയാറാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തികൾക്ക് തൊഴിലിന് അപേക്ഷിക്കാനായി വെബ് ആപ്ലിക്കേഷൻ തയാറാക്കുമെന്ന് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ് അറിയിച്ചു.
സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള സർക്കാർ നയത്തിന് കരുത്തുപകരുന്നതാകും പുതിയ ആപ്ലിക്കേഷൻ എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഓരോ മന്ത്രാലയത്തിലെയും വകുപ്പുകളിലെയും ജോലി ഒഴിവുകളും തൊഴിൽ അപേക്ഷകരുടെ എണ്ണവും യോഗ്യതയും ഉന്നതതലത്തിൽ വിലയിരുത്താൻ ആപ് സഹായിക്കും.
ഉദ്യോഗാർഥികൾക്ക് താൽപര്യമുള്ള തസ്തികകളിൽ ജോലിക്ക് ശ്രമിക്കാനും കഴിയും. തൊഴിലിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. അതിനിടെ, സർക്കാർ മേഖലയിലെ അഡ്വൈസറി തസ്തികകളിൽ വിദേശികൾക്കു പകരം കുവൈത്തികളെ നിയമിക്കാൻ ധനമന്ത്രി നിർദേശം നൽകി. രാജ്യത്തെ തൊഴിൽ വിപണിയിലെ വിദേശി സാന്നിധ്യത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വൻ കുറവുണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 1,34,000 ത്തിലധികം പേരുടെ കുറവാണ് 2021ൽ രേഖപ്പെടുത്തിയത്. കൊഴിഞ്ഞു പോകുന്നവരിൽ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതൽ.
2020 ഡിസംബറിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 1.58 ദശലക്ഷം ആയിരുന്നത് 2021ൽ 1.45 ദശലക്ഷമായാണ് കുറഞ്ഞത്. പൊതുമേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം സാധ്യമാക്കാനുള്ള പഞ്ചവത്സര പദ്ധതി വരുന്ന ആഗസ്റ്റിൽ അവസാനിക്കുകയാണ്. ചില വകുപ്പുകളിൽ ഇത് സാധ്യമായിട്ടില്ല. യോഗ്യരായ സ്വദേശി ഉദ്യോഗാർഥികളെ ആവശ്യാനുസരണം ലഭ്യമാകാത്തതാണ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ സ്വദേശിവത്കരണത്തിന് തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.