അറബിക് സ്കൂൾ അക്കാദമിക വർഷം ഒാൺലൈനായി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ അറബിക് സ്കൂളുകളിൽ ഒാൺലൈനായി പുതിയ അക്കാദമിക വർഷം ആരംഭിച്ചു. പൊതു, സ്വകാര്യ സ്കൂളുകൾ ഒാൺലൈനായി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ഇതുവരെ നേരിട്ടുള്ള ക്ലാസുകൾക്ക് അവസരമൊരുങ്ങിയിട്ടില്ല. കെ.ജി ക്ലാസുകളുടെ ഒാൺലൈൻ ക്ലാസ് രാവിലെ എട്ടുമുതൽ 9.30 വരെയാണ്. 15 മിനിറ്റ് വീതമുള്ള നാല് ക്ലാസാണ് ഉണ്ടാവുക. എലമെൻററി വിദ്യാർഥികൾക്ക് അരമണിക്കൂർ വീതമുള്ള നാല് ക്ലാസുണ്ടാവും. വൈകീട്ട് 3.30 മുതൽ 5.30 വരെയാണ് ക്ലാസ്. ഇൻറർമീഡിയറ്റ് വിദ്യാർഥികൾക്കും ഇതേ രീതിയാണ്. എന്നാൽ, ക്ലാസ്സമയം രാവിലെ എട്ടുമുതൽ 10.30 വരെയാണ്. സെക്കൻഡറി വിദ്യാർഥികൾക്ക് രാവിലെ 10.40 മുതൽ ഉച്ചക്ക് 1.30 വരെയുള്ള സമയത്തിനിടക്ക് അരമണിക്കൂർ വീതമുള്ള നാല് ക്ലാസാണ് പ്രതിദിനം ഉണ്ടാവുക.
കെ.ജി വിദ്യാർഥികളുടെ അടക്കം ഒാൺലൈൻ ക്ലാസുകൾ എത്രമാത്രം ഫലപ്രദമാവുമെന്നത് സംബന്ധിച്ച് രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ധരും ആശങ്ക പങ്കുവെക്കുന്നുണ്ട്. ഒാൺലൈൻ ക്ലാസുകൾമൂലം സ്മാർട്ട് ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും ഡിമാൻഡ് വർധിച്ചിട്ടുണ്ട്. അതേസമയം, സാധാരണ സ്കൂൾ തുറക്കുന്ന ഘട്ടത്തിൽ കൂടുതൽ വിൽപനയുണ്ടാവാറുള്ള പുസ്തകങ്ങൾ, കുട, വസ്ത്രം തുടങ്ങിയവയുടെ വിപണിയെ കോവിഡ് പ്രതിസന്ധിയിലാക്കി. കൂടുതൽ പേർ ഒരേസമയം ഉപയോഗിക്കുന്നത് ഇൻറർനെറ്റ് വേഗത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. കോവിഡ് പ്രതിസന്ധി എന്നുതീരുമെന്നും സാധാരണ രീതിയിൽ നേരിട്ടു അധ്യയനം എന്ന് സാധ്യമാവുമെന്നും ഇപ്പോൾ പറയാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.