നടപടി ശക്തമാക്കി അധികൃതർ; അംഗീകാരമില്ലാതെ പാര്‍ട്ടി നടത്തിയവരെ അറസ്റ്റു ചെയ്തു
text_fieldsകുവൈത്ത് സിറ്റി: സാൽമിയയില് അനധികൃതമായി പാര്‍ട്ടി സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. സാല്‍മിയയിലെ ഗെയിംസ് ആന്‍ഡ് എന്റർടെയ്ൻമെന്റ് സെന്ററിലാണ് അനുവാദമില്ലാതെ പാര്‍ട്ടി നടന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശത്തെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും സംഘാടകരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
ഔദ്യോഗിക അനുമതിയില്ലാതെ പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൂർണമായും സജ്ജീകരിച്ച വേദിയിലാണ് പാർട്ടി ഒരുക്കിയിരുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും ഡി.ജെ ഉപകരണങ്ങള്‍, അലങ്കാരങ്ങള്‍, ഉച്ചഭാഷിണി എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ ആവശ്യമായ പരിശോധനകള്‍ തുടരുമെന്നും സംശയാസ്പദമായ ഒത്തുചേരലുകൾ കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പരിപാടികൾക്കും ഒത്തുകൂടലുകൾക്കും മുൻകൂട്ടി അനുമതി വാങ്ങൽ നിർബന്ധമാണ്. അല്ലാത്ത തരത്തിലുള്ള എല്ലാ പരിപാടികളും നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.