റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് കേന്ദ്ര സർക്കാർ
text_fieldsകുവൈത്ത് സിറ്റി: ലോക്ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിച്ചാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. മുഴുവൻ തുക തിരിച്ചുനൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹരജിയിൽ കേന്ദ്രസർക്കാറിനും വിമാനകമ്പനികൾക്കും നോട്ടീസ്അയച്ച കോടതി വിമാന കമ്പനികളുമായി ചർച്ചയിലേർപ്പെടാനും പ്രശ്‌നം രമ്യമായി പരിഹരിക്കാനും കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരുന്നു.
വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. ഇതനുസരിച്ച് 15 ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാന കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ഏതെങ്കിലും വിമാന കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതും ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച് 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കുകയും വേണം. ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് മാർച്ച് 31നകം 0.75 ശതമാനം പലിശയോടെ തുക തിരിച്ചുനൽകണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഹരജി നൽകിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാമും, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും പറഞ്ഞു. കേസ് സുപ്രീംകോടതി വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.