പ്രവാസി കമീഷൻ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിനോട് ഡൽഹി ഹൈകോടതി
text_fieldsകുവൈത്ത് സിറ്റി: കേന്ദ്ര പ്രവാസി കമീഷൻ രൂപവത്കരണത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന് ഡൽഹി ഹൈകോടതി നിർദേശം.
കേന്ദ്രത്തിൽ ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവാസി കമീഷൻ രൂപവത്കരിക്കണം എന്നാവശ്യപ്പെട്ട് പ്രവാസിയും പ്രവാസി ലീഗൽ സെൽ ഒമാൻ കൺട്രി ഹെഡുമായ അനീസുർറഹ്മാൻ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈകോടതി നിർദേശം. ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്.
ഗോവ, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവാസി കമീഷനുകൾ നിലവിലുണ്ട്. എങ്കിലും വിദേശത്തുള്ള എംബസികളും മറ്റും കേന്ദ്രസർക്കാറിന് കീഴിലായതിനാൽ കേന്ദ്രത്തിൽ ജുഡീഷ്യൽ അധികാരങ്ങളോട് കൂടിയ കമീഷൻ വേണമെന്ന് ഹരജിക്കാരൻ ഹൈകോടതിയിൽ ആവശ്യപ്പെട്ടു.
പ്രവാസികൾക്കെതിരായ വിവിധ ചൂഷണങ്ങളും അതിക്രമങ്ങളും അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും പ്രവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന എംബസികളുടെയും മറ്റ് സർക്കാർ ഉേദ്യാഗസ്ഥരുടെയും നടപടികൾ വിലയിരുത്താനും നടപടി എടുക്കാനും കേന്ദ്ര പ്രവാസി കമീഷൻ അനിവാര്യമാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഹരജിക്കാരനുവേണ്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ദീപ ജോസഫ്, അഡ്വ. ബ്ലെസൻ മാത്യൂസ് എന്നിവർ ഹാജരായി. ദേശീയ പ്രവാസി കമീഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂണിൽ പ്രവാസി ലീഗൽ സെൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര പ്രവാസി കമീഷൻ വൈകാതെ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.