തമ്പുകാലം ആരംഭിച്ചു; ഇനി തണുപ്പാസ്വാദനത്തിന്റെ ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പ് സീസൺ ആരംഭിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. അതിനിടെ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി കുവൈത്ത് മുനിസിപ്പാലിറ്റി തമ്പ് നിർമിക്കുന്നതിനായി സ്ഥലം നിർണയിച്ചു നൽകിയിട്ടുണ്ട്. അതേസമയം, തണുപ്പ് ഇതുവരെ ശക്തമായിട്ടില്ല. മരുപ്രദേശത്തെ കണ്ടുവെച്ച ഇടങ്ങളിൽ ഇരുമ്പുകുറ്റികൾ അടിച്ച് ബുക്ക് ചെയ്തിട്ടുണ്ട് പലരും.
തണുപ്പിന്റെ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ ആഹരിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് സജീവമാവുന്ന രാത്രികൾക്കാണ് ഇനി സാക്ഷ്യംവഹിക്കുക. സ്വദേശികളെ പോലെ വിദേശികൾക്കും മുനിസിപ്പൽ അനുമതി വാങ്ങി തമ്പടിക്കാൻ തടസ്സമൊന്നുമില്ലെങ്കിലും ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾ ഇതിന് തുനിയാറില്ല. സിറിയൻ, ലബനാൻ ഉൾപ്പെടെ അറബ് വംശജരാണ് സ്വദേശികൾക്ക് പുറമെ തമ്പ് പണിത് മരുഭൂമിയിൽ തണുപ്പാസ്വദിക്കാനെത്താറുള്ളത്. അനധികൃത തമ്പ് നിർമാണത്തിലേർപ്പെടുന്നവർക്ക് പിഴ ഏർപ്പെടുത്തുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തമ്പ് മേഖലകളിൽ പരിശോധനക്കായി മുനിസിപ്പൽ–പരിസ്ഥിതി വകുപ്പുകൾക്ക് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
21 വയസ്സിന് മുകളിലുള്ളവർക്ക് തമ്പിന് അപേക്ഷിക്കാം. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.baladia.gov.kwയിലൂടെയാണ് ഫീസ് അടക്കേണ്ടത്. കെട്ടുന്ന സ്ഥലം, അപേക്ഷകെൻറ വിവരങ്ങൾ (പേര്, സിവില്‍ ഐ.ഡി നമ്പർ), പേമെൻറ് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും നല്‍കേണ്ടത്. നിബന്ധനകള്‍ പാലിച്ചവര്‍ക്ക് മാത്രമേ തമ്പ് കെട്ടാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ തമ്പ് കെട്ടാൻ അനുമതി നൽകിയിരുന്നില്ല. അതേസമയം, അനധികൃതമായി പലരും തമ്പ് നിർമിച്ചു. 5000ത്തിലേറെ അനധികൃത തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത്.
ഇക്കുറി കൂടുതലാളുകൾ തമ്പിൽ പാർക്കാൻ മുന്നോട്ടുവരുമെന്നാണ് തമ്പുപകരണങ്ങൾ വിൽക്കുന്ന കടകളിലെ തിരക്കും ബുക്കിങ്ങും സൂചിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്ത തരം തമ്പുകെട്ടുന്നതിനാവശ്യമായ വസ്തുക്കള്‍ മാര്‍ക്കറ്റുകളിലേക്ക് ഇറക്കുമതി ചെയ്തുവരുകയാണ്. പാകിസ്താന്, ഇറാനി തമ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പലതരം കൂടാരങ്ങളും വിളക്കുകളും കയറുകളും വിപണിയില്‍ സുലഭമാണ്. പുതിയ തമ്പുപകരണങ്ങൾക്കൊപ്പം നേരത്തെ ഉപയോഗിച്ചവ കുറഞ്ഞ വിലക്ക് വാങ്ങാനും ആളുകളെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.