നാടും നഗരവും ആഘോഷത്തിലാക്കി ഫുട്ബാൾ ഉത്സവം
text_fieldsകതാറയിൽ ഇറാനിൽനിന്നുള്ള ബഹർ ബാൻഡ് സംഘത്തിന്റെ അവതരണത്തിൽനിന്ന്
ദോഹ: ഒരു വർഷത്തെ ഇടവേളക്കു ശേഷം, ദോഹയുടെ നഗരത്തിരക്കുകൾക്ക് ജീവൻ പകർന്ന് വീണ്ടും ഫുട്ബാൾ ആവേശം. വെള്ളിയാഴ്ച ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുണ്ടതിനു പിറകെ, ഒരുവർഷം മുമ്പ് ലോകകപ്പ് ഫുട്ബാൾ കാലത്ത് സജീവമായ കളിയിടങ്ങളും നഗരവും സൂഖുകളും വീണ്ടും ഫുട്ബാൾ ആവേശത്താൽ സജീവമായി. പഴയ ദോഹ തുറമുഖം, കതാറ കൾച്ചറൽ വില്ലേജ്, ലുസൈൽ ബൊളെവാഡ്, മുശൈരിബ് ഡൗൺടൗൺ, അൽ ബിദ്ദ പാർക്കിലെ എക്സ്പോ 2023 എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാനയിടങ്ങളെല്ലാം എ.എഫ്.സി ഏഷ്യൻ കപ്പിന്റെ തിരക്കിലമർന്നിരിക്കുകയാണ്. പഴയ ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ട് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കൂറ്റൻ ഫുട്ബാൾ രൂപങ്ങളാൽ അലങ്കൃതമായിരിക്കുന്നു. ഫെബ്രുവരി 10 വരെ ദിവസവും വൈകീട്ട് നാല് മുതൽ 10 വരെ മത്സരങ്ങളുടെ തത്സമയ പ്രദർശനം, കരകൗശല പ്രദർശനങ്ങൾ, കലാപരിപാടികൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, ഖത്തറിന്റെ സമുദ്ര ചരിത്രം ആഘോഷിക്കുന്ന പ്രകടനങ്ങളെല്ലാം മിന ഡിസ്ട്രിക്ടിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.
കതാറ കൾച്ചറൽ വില്ലേജിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ വ്യത്യസ്തമായ 46 പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നത്. സ്ട്രീറ്റ് ആർട്സ് ഫെസ്റ്റിവൽ, നാടോടി പ്രകടനങ്ങൾ, റോമിങ് ഷോകൾ, പരേഡുകൾ എന്നിവയെല്ലാം ഇതിൽപെടും.
ടൂർണമെന്റിന്റെ ഒന്നാം ദിനം നൂറുകണക്കിനാളുകളാണ് കതാറയിലെത്തിയത്.ദോഹ എക്സ്പോയിലെ കൾച്ചറൽ സോണിലെ ഫാൻ സോൺ ലോകകപ്പ് ഫാൻ സോണിനെ ഒരിക്കൽ കൂടി ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ തിരികെ കൊണ്ടുവന്നു.
ഉച്ചക്ക് ഒന്ന് മുതൽ രാത്രി 11 വരെ കൂറ്റൻ സ്ക്രീനിലെ തത്സമയ പ്രദർശനം മുതൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം തീർത്തും സൗജന്യമാണ്.ഏഷ്യൻ കപ്പിൽ കളത്തിലിറങ്ങുന്ന 24 രാജ്യങ്ങളുടെയും സാംസ്കാരിക പവിലിയനുകളാണ് ലുസൈൽ ബോളെവാഡിലെ പ്രധാന ആകർഷണം. റോമിങ് പ്രകടനങ്ങൾ, രാജ്യങ്ങളുടെ പരേഡുകൾ, എല്ലാ പ്രായത്തിലുള്ളവർക്കുമുള്ള വിനോദ പ്രവർത്തനങ്ങൾ എന്നിവയും ലുസൈലിലുണ്ട്.
ലുസൈലിലെ മത്സരദിനം ഒഴികെ എല്ലാ ദിവസവും ഹലോ ഏഷ്യ ആഘോഷവും ഇവിടെയുണ്ട്. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുടെയും കൺട്രി സോണുകൾ തനത് സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളുമായാണ് സന്ദർശകരെ ആകർഷിക്കുന്നത്.
കേരളത്തിന്റെ കഥകളി, നൃത്തങ്ങൾ, ചെണ്ട ഉൾപ്പെടെ വാദ്യമേളങ്ങൾ എന്നിവയും ലുസൈൽ ബൊളെവാഡിന്റെ ആഘോഷങ്ങൾ കൊഴുപ്പിക്കുന്നു. മുശൈരിബിലെ ബറാഹതിൽ മത്സരങ്ങളുടെ തത്സമയ പ്രദർശനത്തോടൊപ്പം നിർദിഷ്ട ബൂത്തുകളിലൂടെ ഏഷ്യൻ സംസ്കാരങ്ങളുടെ വൈവിധ്യവും പ്രകടിപ്പിക്കുന്നു. 15 കളിക്കാർക്കുള്ള മെഗാ ഹ്യൂമൻ ഫുട്ബാൾ മത്സരവും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ദോഹ ഓൾഡ് പോർട്ടിൽ ബിഗ് സ്ക്രീൻ വഴി ഏഷ്യൻ കപ്പ് പ്രദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.