രാജ്യം തെരഞ്ഞെടുപ്പിന് സജ്ജമാകുന്നു
text_fieldsകുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനി പത്തുദിവസംകൂടി. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി സംവിധാനങ്ങൾ സജ്ജമായി. 50 അംഗ സീറ്റിലേക്ക് 27 വനിതകളും 349 പുരുഷന്മാരുമായി മൊത്തം 376 സ്ഥാനാർഥികളാണ് പത്രിക നൽകിയിരുന്നത്.
ഇതിൽ 15 സ്ഥാനാർഥികളെ അയോഗ്യരാക്കുകയും ചിലർ പത്രിക പിൻവലിക്കുകയും ചെയ്തതോടെ 356 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ഈ മാസം 22 വരെ നാമനിർദേശം പിൻവലിക്കാൻ അവസരമുണ്ട്.
അവസാന ദിനങ്ങളിലേക്ക് കടന്നതോടെ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വോട്ട് അഭ്യർഥനയും വാഗ്ദാനങ്ങൾ നൽകലും സജീവമാണ്. രാജ്യത്തിന്റെ സമഗ്ര പുരോഗതി, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയാണ് മിക്ക സ്ഥാനാർഥികളുടെയും പ്രധാന പ്രചാരണ വിഷയം. നേരിട്ടുള്ള വോട്ട് അഭ്യർഥനക്കൊപ്പം ഇലക്ട്രിക് മാധ്യമങ്ങളിലൂടെയും പ്രചാരണം നടക്കുന്നുണ്ട്. പിരിച്ചുവിട്ട സഭയിലെ 40ലേറെ പേരും നിരവധി മുൻ എം.പിമാരും രംഗത്തുള്ളതിനാൽ മത്സരം കനക്കുമെന്നാണ് റിപ്പോർട്ട്.50 അംഗ പാർലമെന്റിലേക്ക് അഞ്ചുമണ്ഡലങ്ങളിൽനിന്നായി 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പ് വകുപ്പ് പുറത്തിറക്കിയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ 7,96,000 വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇതിൽ 4,08,000 വനിതകളാണ്.മൊത്തം വോട്ടർമാരുടെ 51.3 ശതമാനം വരും ഇത്.
3,88,000 ആണ് പുരുഷ വോട്ടർമാരുടെ എണ്ണം. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പ് ദിനം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.28, 29 ദിവസങ്ങളിൽ വിദ്യാഭ്യാസ സഥാപനങ്ങൾക്കും അവധി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏഴുപേർ അറസ്റ്റിൽ
വോട്ട് കച്ചവടത്തിൽ ഏർപ്പെട്ട ഏഴുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 20,000 ദിനാറും വോട്ടർമാരുടെ ലിസ്റ്റും കണ്ടുകെട്ടി. വീട് കേന്ദ്രീകരിച്ച് വോട്ട് കച്ചവടം നടക്കുന്നതായ വിവരത്തെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അവിടെ പരിശോധന നടത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വോട്ട് കച്ചവടം രാജ്യത്ത് നിയമവിരുദ്ധമാണ്. കൈമാറ്റത്തിനായി നീക്കിവെച്ച പണമാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുർബലപ്പെടുത്തുന്ന വിധം ഇത്തരം നടപടികളിൽ ഏർപ്പെടുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മറ്റു ചില മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്കായി വോട്ട് വാങ്ങുന്ന പ്രക്രിയ സി.ഐ.ഡി ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
വാസ്തവ വിരുദ്ധമായവ പ്രസിദ്ധീകരിക്കരുത്
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഭീഷണി, കൈക്കൂലി, സ്ഥാനാർഥികളുടെ അന്തസ്സ്, സാമ്പത്തിക സമഗ്രത എന്നിവയെ ബാധിക്കുന്ന തെറ്റായ വാർത്തകൾ നൽകിയാൽ നടപടി നേരിടേണ്ടിവരും. ശിക്ഷാർഹമായ പ്രവൃത്തികളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ പോസ്റ്റ്ചെയ്യാനും പ്രചരിപ്പിക്കാനും പാടില്ല.
തെറ്റായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. 2014ലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ നിയമത്തിലെ 37ാം വകുപ്പ് പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി കുറ്റകൃത്യങ്ങൾ സംബന്ധിച്ച 2015ലെ 63 ഹാം നിയമപ്രകാരവും ഇത്തരക്കാർക്കെതിരെ കേസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.