കോവിഡ്-19 ബൂസ്റ്റർ വാക്സിൻ വിതരണം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് തിരിച്ചുവരവ് ചെറുക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെയും ഭാഗമായി രാജ്യത്ത് ബൂസ്റ്റർ വാസ്കിൻ വിതരണം ആരംഭിച്ചു.
ബുധനാഴ്ച മുതൽ രാജ്യത്തെ 15 മെഡിക്കൽ സെന്ററുകളിൽ ബൈവാലന്റ് കോവിഡ്-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസിന്റെ യഥാർഥ രൂപം, ഒമൈക്രോൺ വേരിയന്റ് എന്നിവയിൽ നിന്നും ബൈവാലന്റ് കോവിഡ്-19 വാക്സിൻ സംരക്ഷണം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അവസാന വാക്സിൻ ഡോസ് എടുത്ത് കുറഞ്ഞത് രണ്ട് മാസമെങ്കിലുമായ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പുതിയ ബൂസ്റ്റർ വാക്സിനേഷൻ എടുക്കാം. ബൈവാലന്റ് ബൂസ്റ്റർ നിലവിലുള്ള വൈറസ് വകഭേദങ്ങൾക്കെതിരെയും ഒമിക്രോണിനെതിരെയും സംരക്ഷണം നൽകുകയും മുൻ ഷോട്ടുകളുടെ ഫലപ്രാപ്തി വർധിപ്പിക്കുകയും ചെയ്യും.
ജനുവരിയിൽ കോവിഡിന്റെ ഒമിക്രോണ് ഉപവകഭേദമായ എകസ്.ബി.ബി- 1.5 രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.
ഇതിനെ വ്യാപനം ഇല്ലാതെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിനായി. എങ്കിലും കൂടുതൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് ബൂസ്റ്റർ വാക്സിൻ വിതരണം ആരംഭിച്ചത്. കോവിഡ് പ്രതിരോധ വാക്സിനുകൾ ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം എന്നിവയിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് പരിവർത്തനം ചെയ്യപ്പെടുകയും പ്രതിരോധശേഷി കാലക്രമേണ സ്വാഭാവികമായി കുറയുകയും ചെയ്യുന്നതിനാൽ ഭയപ്പാട് വേണ്ടതില്ല. അതേസമയം, രാജ്യത്ത് രോഗ ഭീതി ഇല്ലെങ്കിലും അയൽരാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സൂക്ഷ്മത തുടരാൻ ആരോഗ്യമന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
വിതരണ കേന്ദ്രങ്ങൾ
ക്യാപിറ്റൽ ഹെൽത്ത് സോൺ- ശൈഖ അൽ സബാ ക്ലിനിക് ഷാമിയ, ജാസിം അൽ വാസാൻ ക്ലിനിക്ക് മൻസൂരിയ, ജാബിർ അൽ അഹമ്മദ് ക്ലിനിക് 1.
ഹവല്ലി ഹെൽത്ത് സോൺ- സൽവ സ്പെഷലൈസ്ഡ് ക്ലിനിക്, മഹമൂദ് ഹാജി ഹൈദർ ക്ലിനിക്, റുമൈതിയ ക്ലിനിക്.
ഫർവാനിയ ഹെൽത്ത് സോൺ- ഒമരിയ ക്ലിനിക്, അബ്ദുല്ല അൽ മുബാറക് ക്ലിനിക്, അൽ-ആൻഡലസ് ക്ലിനിക്.
അഹമ്മദി ഹെൽത്ത് സോൺ- ഫിൻറാസ് സ്പെഷലൈസ്ഡ് ക്ലിനിക്, ഫഹാഹീൽ സ്പെഷലൈസ്ഡ് ക്ലിനിക്.
മുബാറക് അൽ കബീർ ഹെൽത്ത് സോൺ- അൽ അദാൻ പ്രത്യേക ക്ലിനിക്.
ജഹ്റ ഹെൽത്ത് സോൺ- അൽ നയീം ക്ലിനിക്, അൽ ഒയൂൺ ക്ലിനിക്.
ജിലീബ് യൂത്ത് സെന്റർ- അബ്ദുൽ റഹ്മാൻ അൽ സെയ്ദ് ക്ലിനിക് (വെസ്റ്റ് മിഷ്റഫ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.