കോവിഡ് തീർന്നില്ല; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി പൂർണമായി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം. കൊറോണ സുപ്രീം അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ലയാണ് മുന്നറിയിപ്പ് നൽകിയത്. വിവിധ രാജ്യങ്ങളിൽ ഇപ്പോഴും കോവിഡ് വ്യാപനമുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ കോവിഡ് സാഹചര്യം ഗണ്യമായി മെച്ചപ്പെട്ടു. പ്രതിരോധ കുത്തിവെപ്പിൽ പുരോഗതി കൈവരിക്കാനായത് കൊണ്ടാണ് രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞത്. ഇനിയും കുത്തിവെപ്പെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം മുന്നോട്ടുവരണം. തണുപ്പുകാലം വരാനിരിക്കെ ജാഗ്രത ശക്തമാക്കേണ്ടതുണ്ട്. കുത്തിവെപ്പെടുക്കാത്തവർ ആൾക്കൂട്ടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം.
ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ചിലയാളുകൾ വീഴ്ച വരുത്തുന്നുണ്ട്. സ്വയം നിയന്ത്രണവും ജാഗ്രതയുമാണ് അധികൃതരുടെ നിർബന്ധത്തേക്കാൾ നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇപ്പോഴും തുടരുന്നുണ്ട്. മിശ്രിഫ് കേന്ദ്രത്തിൽ തിങ്കളാഴ്ച 22000 പേർ കുത്തിവെപ്പ് എടുക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.