ജാഗ്രത പാലിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സൈനികരെ ഉണർത്തി കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് ഹെഡ് ഓഫിസുകൾ സന്ദർശിച്ചു. നിതാന്ത ജാഗ്രത പാലിക്കാനും പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സ്ഥിരപരിശീലനം നടത്താനും സൈനിക ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും കിരീടാവകാശിക്കൊപ്പം ഉണ്ടായിരുന്നു.
കിരീടാവകാശിയെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് സ്വീകരിച്ചു. സൈനികർക്ക് റമദാൻ ആശംസകൾ നേർന്ന കിരീടാവകാശി, രാജ്യത്തിന്റെ സൈനിക സംവിധാനം വികസിപ്പിക്കാനും അത്യാധുനിക സാങ്കേതിക വിദ്യകളോടെ റഡാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും നിർദേശിച്ചു. സൗഹൃദ രാജ്യങ്ങളിലെ സേനകളുമായി സംയുക്ത പരിശീലനങ്ങൾ ശക്തമാക്കുന്നതിന്റെ പ്രധാന്യവും അദ്ദേഹം സൂചിപ്പിച്ചു. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രാലയം നടത്തിയ അശ്രാന്ത പരിശ്രമങ്ങളെ കിരീടാവകാശി പ്രശംസിച്ചു. രാജ്യത്തെ നാവിക സേനയും കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റും തമ്മിലുള്ള സഹകരണവും ഏകോപനവും രാജ്യത്തിന്റെ സുരക്ഷയും സംരക്ഷിക്കുന്നതിനെയും പ്രശംസിച്ചു.
യുക്രൈനിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കും തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്കും ദുരിതാശ്വാസ സഹായം എത്തിക്കുന്നതിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുമായി (കെ.ആർ.സി.എസ്) പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. വിഭവങ്ങളും വൈദഗ്ധ്യവും കഴിവുകളും വർധിപ്പിക്കാൻ നാഷനൽ ഗാർഡ് മേധാവികളെ കിരീടാവകാശി ഉണർത്തി. മയക്കുമരുന്നിനെ ചെറുക്കുന്നതിനും വിനാശകരമായ വിപത്തിൽനിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിനുമുള്ള ബോധവത്കരണ കാമ്പയിനിൽ നാഷനൽ ഗാർഡിന്റെ പങ്കാളിത്തത്തെ കിരീടാവകാശി അഭിനന്ദിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സൈബർ സുരക്ഷ ഓഫിസറിൽ ഒരാളായി ഒരു നാഷനൽ ഗാർഡ് ഓഫിസറെ തെരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നതായും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.