വധശിക്ഷ വീണ്ടും ചർച്ചയാകുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വധശിക്ഷ വീണ്ടും ചർച്ചയാകുന്നു. വധശിക്ഷക്കു പിന്നാലെ യു.എൻ മനുഷ്യാവകാശ ഓഫിസും യൂറോപ്യൻ യൂനിയനും ആംനസ്റ്റിയും സംഭവത്തിൽ അപലപിച്ചു. വ്യാഴാഴ്ചയാണ് സെൻട്രൽ ജയിലിൽ അഞ്ചു തടവുകാർക്ക് വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നു പേർ, മയക്കുമരുന്ന് കച്ചവടക്കാരൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. കടുത്ത കുറ്റങ്ങളായി കുവൈത്ത് ഇവയെ കണക്കാക്കുന്നതിനാലാണ് വധശിക്ഷ നൽകിയത്.
എന്നാൽ, വധശിക്ഷകളെ അപലപിക്കുന്നതായും എല്ലാ സാഹചര്യങ്ങളിലും വധശിക്ഷയെ എതിർക്കുന്നതായും യു.എൻ മനുഷ്യാവകാശ ഓഫിസ് വക്താവ് സെയ്ഫ് മഗാംഗോ പറഞ്ഞു. വധശിക്ഷക്ക് ഉടൻ മൊറട്ടോറിയം ഏർപ്പെടുത്താനും ഇതുവരെ നിയമപരമായോ പ്രായോഗികമായോ വധശിക്ഷ നിർത്തലാക്കിയ 170ലധികം രാജ്യങ്ങളിൽ ചേരാൻ കുവൈത്തിനോട് അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വധശിക്ഷകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ കുവൈത്തിനോട് ആവശ്യപ്പെട്ടു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് ഒരാളെ വധശിക്ഷക്ക് വിധേയനാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. അത്തരം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉപയോഗിക്കുന്നത് നിരോധിക്കുമെന്നും ആംനസ്റ്റി ഇന്റർനാഷനലിന്റെ മിഡിലീസ്റ്റ്- നോർത്ത് ആഫ്രിക്ക ഇടക്കാല ഡെപ്യൂട്ടി ഡയറക്ടർ റാവിയ രാജെ പറഞ്ഞു. കുവൈത്ത് വധശിക്ഷ നടപ്പാക്കുന്നതിലേക്ക് മടങ്ങിയെന്നത് നിരാശജനകമാണെന്നും അവർ പറഞ്ഞു.
കുവൈത്തിലെ വധശിക്ഷ ആശങ്കയോടെ ശ്രദ്ധിക്കുന്നതായി യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി. വധശിക്ഷ നിർത്തലാക്കാനുള്ള ശ്രമം യൂറോപ്യൻ യൂനിയൻ തുടരും. വധശിക്ഷയെ എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും യൂനിയൻ ശക്തമായി എതിർക്കുന്നു. ഇത് മനുഷ്യത്വരഹിതമായ ശിക്ഷയാണെന്നും യൂറോപ്യൻ യൂനിയൻ വക്താവ് നബീല മസ്റലി വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ കുവൈത്ത് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ കുവൈത്തിൽ ഏഴു പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് കുവൈത്ത് ശക്തമായി പ്രതികരിക്കുകയുണ്ടായി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ വേണ്ടന്ന മുന്നറിയിപ്പുമായി കുവൈത്ത് രംഗത്തെത്തി. കുവൈത്തിനെതിരായ പ്രസ്താവനകളെ അറബ് പാർലമെന്റും തള്ളി.
കുവൈത്തിൽ വധശിക്ഷ താരതമ്യേന അപൂർവമാണ്. കഴിഞ്ഞ നവംബറിൽ ഏഴു തടവുകാരെ വധശിക്ഷക്കു വിധേയമാക്കിയതാണ് അവസാന സംഭവം. 2017ൽ ഭരണകുടുംബാംഗം ഉൾപ്പെടെ ഏഴു തടവുകാരെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവക്കാണ് പൊതുവെ വധശിക്ഷ വിധിക്കുന്നത്.
കഴിഞ്ഞ നവംബറിലെ വധശിക്ഷകൾ യൂറോപ്യൻ യൂനിയനിൽനിന്നും മനുഷ്യാവകാശ ഗ്രൂപ്പുകളിൽനിന്നും വിമർശനത്തിന് കാരണമായിരുന്നു.
കുവൈത്ത് പൗരൻമാരുടെ ഷെങ്കൻ വിസ നടപടികൾക്കായുള്ള ചർച്ചകളും പാളം തെറ്റി. അടുത്തിടെ വിദേശകാര്യ മന്ത്രി യൂറോപ്പ് സന്ദർശിക്കുകയും വിസ അനുവദിക്കുന്നത് വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. ഇതിൽ അനുകൂല നീക്കം നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.