ആരോഗ്യ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ആരോഗ്യ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് മന്ത്രാലയത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് കാലത്ത് കൂടുതൽ ജീവനക്കാരെ ആവശ്യമുള്ള ഘട്ടത്തിലാണ് ഡോക്ടർമാരും നഴ്സുമാരും സാേങ്കതിക ജീവനക്കാരും ഉൾപ്പെടെ നിലവിലുള്ളവർ രാജിവെച്ച് പോകുന്നത്. കഴിഞ്ഞ ആഴ്ചയും നിരവധി പേർ രാജിവെച്ചു. കോവിഡ് കാലത്തെ കനത്ത ജോലിഭാരവും മാനസിക സമ്മർദവും കാരണമാണ് നിരവധി നഴ്സുമാർ ജോലി രാജിവെക്കുന്നതെന്നാണ് സൂചന. പലരും പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പോകുകയാണ്. ഇനിയും നിരവധി പേർ രാജിവെക്കാനും കരാർ കാലാവധി പൂർത്തിയായാൽ കുവൈത്ത് വിടാനും ഒരുങ്ങുന്നതായാണ് വിവരങ്ങൾ.
കാനഡ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ അനേകം രാജ്യങ്ങളിൽ യോഗ്യതാപരീക്ഷകളും മറ്റുമാനദണ്ഡങ്ങളും ലളിതമാക്കിയതാണ് അവിടേക്ക് ചേക്കേറാൻ പ്രഫഷനലുകളെ പ്രേരിപ്പിക്കുന്നത്. ചിലർ പ്രവാസം നിർത്തി നാട്ടിൽ പോവാൻ നോക്കുന്നു.ഭേദപ്പെട്ട ശമ്പളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പിന്നിൽ ജോലിഭാരവും മാനസിക സമ്മർദവുമാണ്.
മണിക്കൂറുകളോളം പി.പി.ഇ കിറ്റിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുന്നതിനാൽ ഭക്ഷണം ഉൾപ്പടെ പ്രാഥമികവശ്യങ്ങൾ പോലും യഥാസമയത്ത് നിർവഹിക്കാനാവാതെ പ്രയാസപ്പെടുന്നു.ഒരു വിഭാഗം ആരോഗ്യ ജീവനക്കാർക്ക് ക്വാറൻറീനിൽ പോവേണ്ടി വരുന്നത് ബാക്കിയുള്ളവരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുന്നു.
കുടുംബം കൂടെയില്ലാതെ ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന ജീവനക്കാർക്ക് നാട്ടിൽ വാർഷികാവധിക്ക് പോകാനുള്ള അനുമതി അനന്തമായി നീളുകയാണ്. ജോലിഭാരം വർധിച്ചതിെൻറ കൂടെ ഇത് കൂടി വന്നപ്പോൾ കടുത്ത മാനസിക സമ്മർദത്തിലാണ് ഭൂരിഭാഗം പേരും കഴിയുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവർ പലരും കോവിഡ് ഭീതികാരണം കുടുംബത്തെ നാട്ടിലേക്കയച്ചു.
കുടുംബത്തോടൊപ്പം കഴിയുന്നവർ മുറിയിലെത്തിയാൽ മക്കൾക്കും മാതാപിതാക്കൾക്കും തങ്ങളിലൂടെ കോവിഡ് ബാധയേൽക്കുമോ എന്ന ആധിയിലാണുള്ളത്.
ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യം എന്ന നിലയിൽ കാണുന്നത് കൊണ്ടാണ് പ്രയാസം സഹിച്ചും ആരോഗ്യ ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം കഠിനാധ്വാനം ചെയ്യുകയാണ്.അസാധാരണ സാഹചര്യത്തിൽ ജീവനക്കാരെ കൊണ്ട് അധികജോലി ചെയ്യിക്കാൻ അവർ നിർബന്ധിതരാവുകയാണ്.
ഒരുവിഭാഗം ജീവനക്കാർ രാജിവെക്കുേമ്പാൾ ബാക്കിയുള്ളവരുടെ ജോലിഭാരവും സമ്മർദവും വർധിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെൻറും സജീവമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.