തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി; ഇനി പുതിയ ദേശീയ അസംബ്ലി
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ സുസ്ഥിരത ലക്ഷ്യമിട്ട് ശുഭപ്രതീക്ഷയോടെ കുവൈത്ത് ജനത ദേശീയ അസംബ്ലിയിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പിൽ ആവേശത്തോടെ ജനങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
സ്ത്രീകളും വയോജനങ്ങളുമടക്കം ഭൂരിപക്ഷവും വോട്ട് രേഖപ്പെടുത്തി. രാത്രി എട്ടിന് വോട്ടെടുപ്പ് അവസാനിച്ചതിന് പിറകെ വോട്ടെണ്ണൽ ആരംഭിച്ചു. രാത്രി വൈകിയും തുടർന്ന വോട്ടെണ്ണലിന്റെയും വിജയികളുടെയും പൂർണ ചിത്രം ബുധനാഴ്ച രാവിലെയോടെ വ്യക്തമാകും.
50 സീറ്റുകളുള്ള ദേശീയ അസംബ്ലിയിലേക്ക് 13 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് മത്സരിച്ചത്. മുൻ അസംബ്ലികളിൽ നിന്നുള്ള 55 മുൻ എം.പിമാരും 2022ലെ ഒഴിവാക്കിയ അസംബ്ലിയിലെ 46 അംഗങ്ങളും ഇത്തവണയും ജനവിധി തേടി. ആറു ഗവർണറേറ്റുകളിലായി 118 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.
1,157 ജഡ്ജിമാർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. പ്രാദേശിക സിവിൽ സൊസൈറ്റികളുടെ നിരീക്ഷണവും വോട്ടെടുപ്പിൽ ഉണ്ടായിരുന്നു. സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി നൂറുകണക്കിന് പൊലീസുകാരെയും വിന്യസിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടുകയും 2022 സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.