കുവൈത്തിലെ തൂവൽ കുപ്പായക്കാർ
text_fieldsവെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം.
തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.
ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ.
വെൺകവിളൻ ആള
പക്ഷിവൈവിധ്യത്താൽ സമ്പന്നമാണ് കുവൈത്ത്. ഇതിൽ കൂടുതലും ദേശാടകരായി കടന്നു പോകുന്ന പക്ഷികളാണ്. എന്നാൽ, കുവൈത്തിൽ ദേശാടകരായി എത്തി ഇവിടെ പുതുതലമുറക്ക് ജന്മം നൽകുന്ന ഒരുകൂട്ടം കടൽപക്ഷികൾ ഉണ്ട്. അവയിൽ ഒന്നാണ് വെൺകവിളൻ ആളകൾ.
ആഫ്രിക്കയിലും ഏഷ്യയിലും കാണുന്ന ഇവയിൽ ഈസ്റ്റ് ആഫ്രിക്കയിലുള്ള പക്ഷികൾ ഒഴിച്ച് മറ്റുള്ളവയെല്ലാം നാടോടികളാണ്. ചെറുമീനുകളും ചെമ്മീൻപോലുള്ള അകശേരുകികളുമാണ് ഇവയുടെ മുഖ്യ ഭക്ഷണം.
വസന്തകാലത്തും ശരത് കാലത്തും ശൈത്യകാലത്തും എത്തുന്ന മറ്റു ദേശാടന പക്ഷികളിൽനിന്ന് വിഭിന്നമായി ഇവ എല്ലാ വർഷവും വേനൽ കനക്കുന്ന മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് കുവൈത്തിലെ ദ്വീപുകളിൽ ചേക്കേറി കൂടൊരുക്കുന്നത്. കൂടൊരുക്കുന്ന ദ്വീപിന്റെ ചുറ്റളവിലാണ് ഇവ മീൻ പിടിക്കാനും മറ്റും യാത്ര പോകാറുള്ളത്. പറന്നുകൊണ്ടുതന്നെ കടലിന്റെ മുകൾതട്ടിൽനിന്നും മീൻ പിടിക്കാൻ വിദഗ്ധരാണ് ഇക്കൂട്ടർ. ഇതിനു നീണ്ട കൊക്കുകൾ ഇവയെ സഹായിക്കുന്നു.
സാധാരണ ഗതിയിൽ കുവൈത്തിൽ കരയിൽനിന്നും രണ്ടു മൂന്ന് കിലോമീറ്റർ അകലെ മാത്രമേ ഇവയെ കാണാറുള്ളൂ. ആയിരങ്ങൾവരെ ഒരുമിച്ചുള്ള കോളനികളിലാണ് ഇവ കൂടൊരുക്കുന്നത്. തറയിൽ കൊക്കുകൊണ്ടു ചെറിയ കുഴി ഉണ്ടാക്കി അതിലാണ് മുട്ടയിടുക. മിക്ക കോളനികളിലും മറ്റുതരം ആളകളും കൂടുണ്ടാക്കാറുണ്ട്.
കൂട്ടത്തിലുള്ള മറ്റു ആളകളെ അപേക്ഷിച്ചു വലുപ്പം കുറഞ്ഞ ഇവയെ പ്രജനനകാലത്ത് എളുപ്പം തിരിച്ചറിയാം.
പേര് പോലെ തന്നെ വെളുത്ത കവിളും ചോരനിറത്തിലുള്ള കാലുകളും ചുക്കി ചുവന്ന ചുണ്ടുകളും ചാരനിറത്തിലുള്ള ചിറകുകളും എടുത്തുകാണാം. സ്റ്റെർണ റിപ്രെസ്സ എന്നാണ് ശാസ്ത്രീയ നാമം.
ദ്വീപുകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം ഇവ നേരിടുന്ന വലിയ ഭീഷണിയാണ്. മനുഷ്യ സാന്നിധ്യം നിമിത്തം അടയിരിക്കുന്ന പക്ഷികൾ കൂട്ടത്തോടെ കോളനികൾ ഉപേക്ഷിച്ചു പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് പലപ്പോഴും. കടലിലെ മാലിന്യങ്ങളും ഇവയുടെ നിത്യജീവിതത്തിൽ വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.
കുവൈത്തിൽ കാണുന്ന ഇടങ്ങൾ
കുവൈത്തിലെ ദ്വീപുകളായ വാർബ, ആഊഹ, ഉം അൽ മാരഡിം, കുബ്ബാർ എന്നിവിടങ്ങളിലും ചുറ്റുവട്ടത്തുമാണ് ഇവയെ കാണാറ്. അപൂർവമായി കുവൈത്തിലെ കടൽകരകളിലും എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.