കുവൈത്തിലെ തൂവൽ കുപ്പായക്കാർ
text_fieldsകുവൈത്ത് ഇടത്താവളമാക്കി ദേശാടനം നടത്തുന്ന ഒരിനം ഷ്രൈക്ക് ആണ് വുഡ്-ചാറ്റ് ഷ്രൈക്ക്. ശരത്ക്കാലത്തും വസന്തകാലത്തും ഇവ കുവൈത്തിൽ സ്ഥിര സാന്നിധ്യമാണ് . കുവൈത്തിൽ പ്രജനന രേഖയുള്ള ചുരുക്കം കിളികളിൽ ഒന്നുമാണ് ഈ ദേശാടകൻ. അടുത്ത് തന്നെ നിലനിൽപ്പ് അപകടത്തിലാക്കാൻ സാധ്യതയുള്ള ജീവിയാണ് ഇവ. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ ഇരുപത്തിയഞ്ചു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കൃഷിയിടങ്ങളിൽ നടക്കുന്ന വൻതോതിലുള്ള കീടനാശിനി പ്രയോഗമാണ് പ്രാണികളെയും കീടങ്ങളെയും ആഹാരമാക്കുന്ന ഇവയുടെ ശാപം. കണ്ണിനു ചുറ്റും കള്ളന്മാരെ അനുസ്മരിപ്പിക്കുന്ന കറുത്ത മുഖംമൂടി തവിട്ടും ചുകപ്പും കലർന്ന തൊപ്പിയും പുറംകഴുത്തും കറുപ്പും ചെറിയ ചെറിയ വെളുത്ത പാടും കലർന്ന കുപ്പായമാണ് ഇവർക്ക്. ആൺ-പെൺ കിളികളെ തിരിച്ചറിയുന്നത് ചിറകിനോടുചേർന്ന അടിഭാഗം നോക്കിയാണ്.
തൂവെള്ള അടിഭാഗം ആണെങ്കിൽ ആൺ കിളിയും തവിടും വെളുപ്പും കലർന്ന വെർമികുലറ്റഡ് ഡിസൈൻ ആണെകിൽ അത് പെൺകിളികളുമാണ്. റോമൻ സെനറ്റർമാരെ അനുസ്മരിപ്പിക്കുന്ന ചെന്തൊപ്പി ഉള്ളത് കൊണ്ടാണ് ഇവയുടെ വർഗ്ഗ നാമം സെനറ്റർ എന്ന് വന്നത്. മുള്ളുകളുള്ള മരത്തിൽ ചേക്കേറാനാണ് ഇവക്ക് പ്രിയം. പിടിക്കുന്ന പ്രാണികളെയും മറ്റ് ഇരകളെയും മുള്ളിൽ കോർത്ത് വെക്കുന്ന ശീലമുണ്ട്.
ചിത്രം: ഇർവിൻ ജോസ് നെല്ലിക്കുന്നേൽ
ഇത് വലിയ ഇരകളെ എളുപ്പത്തിൽ കശാപ്പുചെയ്തു ചെറിയ കഷ്ണങ്ങളാക്കി കഴിക്കാനും തന്റെ ഭക്ഷണ ശേഖരപാടവം ഇണയെ കാണിക്കാനുമായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് പ്രജനന കാലം. ഇതിനായി ആൺ-പെൺകിളികൾ ഒത്തൊരുമിച്ച് കോപ്പയുടെ ആകൃതിയിൽ കൂടുണ്ടാക്കും. അടയിരിക്കുന്നത് പെൺകിളികൾ മാത്രമാണ് വളരെ അപൂർവമായി മാത്രമേ ആൺകിളി അടയിരിക്കാറുള്ളു. കാണപ്പെടുന്ന ദേശങ്ങൾക്ക് അനുസൃതമായി മൂന്ന് ഉപവർഗങ്ങളിലായി ഇവയെ തിരിച്ചിട്ടുണ്ട് ഇതിൽ Lanius senator niloticus എന്ന ശാസ്ത്രീയ നാമത്തിൽ ഉള്ളവയാണ് കുവൈത്തിലൂടെ കടന്നു പോകുന്നത്. കുറ്റിച്ചെടികളോട് ചേർന്ന പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ കുവൈത്തിലെ മിക്ക കൃഷിയിടങ്ങളിലും കടലിനോടു ചേർന്ന കുറ്റിക്കാടുകളിലും കാണാം.
ഇർവിൻ ജോസ് നെല്ലിക്കുന്നേൽ
പക്ഷിനിരീക്ഷകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.