കുവൈത്തിൽനിന്ന് ആദ്യ ഹജ്ജ് സംഘം നാളെ പുറപ്പെടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ഞായറാഴ്ച പുറപ്പെടും. ഈ വർഷം 5,622 തീർഥാടകരാണ് കുവൈത്തിൽനിന്ന് പോകുന്നത്. ആദ്യം 3622 സീറ്റാണ് അനുവദിച്ചിരുന്നത്.
പിന്നീട് പ്രത്യേക അഭ്യർഥനയിലൂടെ 2000 പേർക്കുകൂടി അവസരം വാങ്ങിയെടുക്കുകയായിരുന്നു. നാല് വിമാനക്കമ്പനികളുടെ 20 വിമാനങ്ങൾ ഹജ്ജ് സർവിസ് നടത്തും. വിമാനത്താവളത്തിൽ എല്ലാ ഒരുക്കവും പൂർത്തിയായതായി വ്യോമയാന വകുപ്പ് ഡയറക്ടർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. യാത്രക്കാർക്ക് പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും.
തീർഥാടകരെ സഹായിക്കാൻ ഫീൽഡ് വർക്ക് ടീമുകളെ നിയോഗിക്കും. പാർക്കിങ് സ്ഥലങ്ങളിൽ തുടങ്ങി എയർപോർട്ട് ഹാൾ, പാസ്പോർട്ട് ഏരിയ, ട്രാൻസിറ്റ് ഏരിയ, ബോർഡിങ് എല്ലായിടത്തും തീർഥാടകരെ സഹായിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും ലോജിസ്റ്റിക് സേവനങ്ങൾക്ക് ജോലിക്കാരെയും നിയോഗിക്കുമെന്ന് യൂസുഫ് അൽ ഫൗസാൻ കൂട്ടിച്ചേർത്തു.
രാജ്യത്തെ തീർഥാടക ക്വാട്ടയുടെ 15 ശതമാനം കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് യാത്രകൾക്കായി നീക്കിവെച്ചിട്ടുണ്ട്.
ഗർഭിണികൾ, കുട്ടികൾ, ഇൻഫ്ലുവൻസ പോലെ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവർ ഈ വർഷം തീർഥാടനം മാറ്റിവെക്കണമെന്നാണ് നിർദേശം. തീർഥാടകർ സൗദി അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ട് ഡോസെങ്കിലും സ്വീകരിച്ചിരിക്കണം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. 65 വയസ്സിന് മുകളിലുള്ളവർക്ക് അവസരമില്ല. കോവിഡ് പശ്ചാത്തലത്തിൽ സൗദിയാണ് പ്രായ നിബന്ധന വെച്ചത്.
ഹജ്ജ് കർമങ്ങൾ നിർവഹിക്കുമ്പോൾ മാസ്ക് ധരിക്കണം, കോവിഡ് ചികിത്സ ചെലവുകൾ കവർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.