ഫുട്ബാൾ ലോകകപ്പ് കുവൈത്തിൽ പ്രദർശിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫിഫ ലോകകപ്പിന്റെ ഒറിജിനൽ ട്രോഫി കുവൈത്തിലെത്തിച്ചു. ഖത്തർ ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ നടത്തുന്ന ട്രോഫി ടൂറിന്റെ ഭാഗമായാണ് കുവൈത്തിലും എത്തിച്ചത്.
ഫിഫ അംബാസഡറായ മുൻ ബ്രസീൽ ഫുട്ബാൾ താരം ഗിൽബർട്ടോ സിൽവ അനുഗമിച്ച ട്രോഫി കുവൈത്ത് വിമാനത്താവളത്തിൽ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് അഹ്മദ് അൽ യൂസുഫ് അസ്സബാഹ്, ജനറൽ സെക്രട്ടറി സലാഹ് ഈസ അൽ ഖനായി എന്നിവർ ഏറ്റുവാങ്ങി. കുവൈത്ത് ദേശീയ ടീമിലെ നിരവധി മുൻ താരങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. പിന്നീട് ശൈഖ് ജാബിർ കൾച്ചറൽ സെന്ററിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ ട്രോഫി പ്രദർശിപ്പിച്ചു. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും അന്താരാഷ്ട്ര താരവുമായ ബദർ അൽ മുതവ്വ, റിഫ്രഷ്മെന്റ് ട്രേഡിങ് കമ്പനി സി.ഇ.ഒ ഖാലിദ് അൽ മുസൈർ തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിച്ചു. 51 രാജ്യങ്ങളിലാണ് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നത്.
ഗൾഫിൽ ആദ്യമായി എത്തുന്ന കാൽപന്ത് കളിയുടെ മഹാമേളയുടെ ആവേശം വിവിധ രാജ്യങ്ങളിൽ പടർത്താൻ ട്രോഫി ടൂർ വഴിയൊരുക്കും. സിരകളിൽ തീപടരുന്ന കളിയാവേശത്തിലേക്ക് ഇനി ആറുമാസം കൂടിയേ ഉള്ളൂ. വിവിധ പരിപാടികളും, ഫാൻ പ്രവർത്തനങ്ങളുമായാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്. കൗണ്ട്ഡൗണിന്റെ ഭാഗമായാണ് ട്രോഫി ടൂർ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.