മറഞ്ഞത് ലോകത്തിന്റെ അമീർ
text_fieldsകുവൈത്ത് സിറ്റി: ഭരണാധികാരിയെന്ന നിലയില്‍ കുവൈത്തില്‍ നിറഞ്ഞുനിന്ന ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യപുരോഗതിക്കൊപ്പം ലോകത്ത് ദുരിതമനുഭവിക്കുന്നവരെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച ഭരണാധികാരിയാണ്. 1961 ഫെബ്രുവരിയിൽ ഹവല്ലി ഗവർണറായി തുടങ്ങിയ ഔദ്യോഗിക ജീവിതം കുവൈത്തിന്റെ സമഗ്ര പുരോഗതിക്ക് സാക്ഷിയായതിനൊപ്പം കുവൈത്തിന് പുറത്തും പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുനിർത്തുക എന്നതായിരുന്നു ശൈഖ് നവാഫിന്റെ രീതി. ലോകത്തെ വിവിധ ദേശങ്ങളിലെ ജനങ്ങൾ കുവൈത്ത് അമീറിന്റെ കരുതലും സ്നേഹവും അനുഭവിച്ചവരാണ്.
പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന് കുവൈത്തിന്റെ സജീവ ശ്രദ്ധ പതിക്കുന്നതിൽ ശൈഖ് നവാഫ് എന്നും മുൻഗണന നൽകി. പ്രയാസമനുഭവിക്കുന്നവരിൽ കാരുണ്യം ചൊരിയാനും സഹായമെത്തിക്കാനും മുന്‍പന്തിയിൽ നിന്നു.
അടുത്തിടെ ഇസ്രായേൽ ആക്രമണത്തിൽ സര്‍വതും നഷ്ടപ്പെട്ട ഫലസ്തീനിലേക്ക് സഹായമെത്തിക്കുന്നതിൽ കുവൈത്ത് അമീറിന്റെ പങ്ക് നിസ്തുലമാണ്. ഗസ്സയുടെ നിലവിളികൾക്ക് മാനുഷികസഹായവുമായി ആദ്യം രംഗത്തെത്തിയത് കുവൈത്താണ്. ആഭ്യന്തരസംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാനും അടുത്തിടെ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയ, സിറിയ എന്നിവക്കും സഹായമെത്തിക്കുന്നതിലും കുവൈത്ത് ശ്രദ്ധ പുലർത്തി.
സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ മറ്റു രാജ്യക്കാർക്കും ശൈഖ് നവാഫ് തുല്യപരിഗണനയാണ് നൽകിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കും ഇതിന്റെ ഗുണഫലങ്ങൾ ഏറെ ലഭിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ഇന്ത്യയിലേക്ക് കുവൈത്തിൽനിന്ന് ഓക്സിജൻ കയറ്റിയയക്കുന്നതിൽ ശൈഖ് നവാഫിന്റെ ഇടപെടലുണ്ട്. ഗൾഫ് മേഖലയും അറബ് രാജ്യങ്ങളും സംഘർഷത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോഴെല്ലാം ലോകം കുവൈത്ത് അമീറിനെയാണ് ഉറ്റുനോക്കിയത്.
അറേബ്യൻ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് ശൈഖ് നവാഫ് വലിയ പ്രാധാന്യം നൽകി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ യോഗങ്ങളിൽ സജീവ പങ്കുവഹിച്ചു. മേഖലയിലെ പൊതുവായ ഭീഷണികൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊണ്ടു. അറബ് രാഷ്ട്രങ്ങളിലെ ആഭ്യന്തരസംഘർഷങ്ങളിലും കുവൈത്തിന്റെ മധ്യസ്ഥശ്രമവും നയതന്ത്ര ഇടപെടലുകളും പലതവണ വിജയം കണ്ടു. പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാനതൽപരനായും നിലകൊണ്ടതിനാൽ എല്ലാവര്ക്കും കുവൈത്ത് അമീർ സ്വീകാര്യനായിരുന്നു.
മയ്യിത്ത് നമസ്കാരം ഇന്ന്
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച. രാവിലെ ഒമ്പതിന് ബിലാൽ ബിൻ റബാഹ് മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം. സംസ്കാര ചടങ്ങുകൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയതായി അമീരി ദിവാൻ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് അറിയിച്ചു. സംസ്കാരം പിന്നീട് നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയും ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ബയാൻ പാലസിലെ അസ്സബാഹ് ഫാമിലിയുടെ ദിവാനിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും അസ്സബാഹ് കുടുംബവും വ്യക്തിപരമായി അനുശോചനം സ്വീകരിക്കും.
മൂന്ന് ദിവസം പൊതു അവധി, 40 ദിവസം ദുഃഖാചരണം
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും. അമീറിന്റെ നിര്യാണത്തെ തുടർന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.