സൗഹൃദത്തിെൻറ പൂരം; സ്നേഹ സഹായങ്ങളുടെയും
text_fieldsപൂരനഗരിയുടെ നാട്ടുകാർ മറുനാട്ടിൽ തൊഴിൽ തേടി എത്തിയപ്പോഴും നാടിനെ മറന്നില്ല. സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയാണ് തൃശൂർ അസോസിയേഷൻ ഒാഫ് കുവൈത്ത് (ട്രാസ്ക്). 2006 നവംബർ 17ന് 21 പേർ ചേർന്ന് രൂപംനൽകിയ കൂട്ടായ്മയിൽ ഇപ്പോൾ അയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. ലോകത്തിെൻറ ഏത് കോണിൽ എത്തിയാലും സ്വത്വം നിലനിർത്തുന്നതിൽ പൂരത്തിെൻറ നാട്ടുകാർക്കുള്ള ആവേശം ഒന്ന് വേറെയാണ്. അവരുടെ ഒത്തുകൂടലുകൾക്കും ആഘോഷങ്ങൾക്കും പൂരപ്പൊലിമയും താളവും മുത്തുക്കുടകൾ കണക്കെ വർണഭംഗിയുമുണ്ട്.
എട്ട് ഏരിയകളിലായാണ് കുവൈത്തിൽ ട്രാസ്കിെൻറ പ്രവർത്തനം. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സാമൂഹികക്ഷേമ വിഭാഗവും സാംസ്കാരിക, കലാവാസനകളെ പരിപോഷിപ്പിക്കാൻ കലാവിഭാഗവും കായികവും മാനസികവുമായ വികാസത്തിനായി കായികവിഭാഗവും സംഘടനയുടെ പ്രവർത്തനങ്ങൾ അംഗങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കാൻ വാർത്താവിനിമയ വിഭാഗവും വനിതകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രവർത്തിക്കുന്ന വനിതാവേദിയും കുട്ടികളുടെ കൂട്ടായ്മയായ കളിക്കളവും ഒപ്പത്തിനൊപ്പമുണ്ട്.
ട്രാസ്ക് വെളിച്ചം പദ്ധതിയിലൂടെ നടത്തിവരുന്ന സഹായങ്ങൾ നിരവധിയാണ്. സാമ്പത്തിക പ്രയാസം നേരിടുന്ന അംഗങ്ങളുടെ പെൺമക്കളുടെ വിവാഹച്ചെലവ്, ഒാട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനത്തിനായി ആധുനിക രീതിയിലുള്ള ക്ലാസ് റൂം, കിടപ്പുരോഗികൾക്കും അംഗപരിമിതിയുള്ളവർക്കുമായി വാട്ടർബെഡ്, വീൽചെയർ, കാരുണ്യ പാലിയേറ്റിവ് കെയർ യൂനിറ്റിന് ആംബുലൻസ് തുടങ്ങി സംഘടനയുടെ കൈയൊപ്പ് പതിഞ്ഞ പ്രവർത്തനങ്ങൾ നിരവധിയാണ്.
പ്രളയം നമ്മുടെ നാടിനുമേൽ ദുരിതം വിതച്ചപ്പോൾ അവശ്യസാധനങ്ങൾ വിതരണം ചെയ്തും 12 താൽക്കാലിക വീടുകൾ നിർമിച്ചുനൽകിയും വീടുകൾ തകർന്ന അംഗങ്ങൾക്ക് പുനർനിർമാണത്തിന് സാമ്പത്തിക സഹായം നൽകിയും കഴിയുന്ന വിധം നാടിനൊപ്പം നിന്നു. കയറിക്കിടക്കാൻ വീടില്ലാത്ത അംഗങ്ങൾക്ക് സ്വപ്ന സാക്ഷാത്കാരമേകി രണ്ട് വീട് പൂർണമായും രണ്ട് വീട് ഭാഗികമായും നിർമിച്ചുനൽകി.
കൂടാതെ മരിച്ച അംഗങ്ങളുടെ മക്കളുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ ചെലവ്, ഉന്നതവിദ്യാഭ്യാസത്തിനുള്ള സഹായം, പെൻഷൻ, ചികിത്സ സഹായങ്ങൾ, അംഗങ്ങളായിരിക്കെ മരിച്ചാൽ കുടുംബാശ്വാസ പദ്ധതി പ്രകരം കുടുംബത്തിന് സാമ്പത്തിക സഹായം, 10,12 ക്ലാസുകളിലെ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് മെറിറ്റ് അവാർഡ് തുടങ്ങിയവ നൽകുന്നു. കൂടാതെ, ട്രാസ്ക് കലോത്സവം, ഒാണം, പെരുന്നാൾ, ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടികൾ, ഇന്ത്യൻ എംബസിയുമായി കൈകോർത്ത് സ്വാതന്ത്ര്യദിനാഘോഷം, വനിതാവേദിയുടെ പങ്കാളിത്തത്തോടെ വനിതാദിനാചരണം, നഴ്സസ് ദിനാചരണം, മാതൃദിനാചരണം, വനിതകൾക്ക് മോട്ടിവേഷൻ ക്ലാസ്, കുട്ടികൾക്കായി വിവിധ പരിപാടികൾ, ക്രിക്കറ്റ് ഫുട്ബാൾ ടൂർണമെൻറുകൾ, മറ്റു കായിക മത്സരങ്ങൾ, നാട്ടിൽനിന്ന് പ്രശസ്ത കലാകാരന്മാരെ കൊണ്ടുവന്ന് പൂരപ്പൊലിമയോടെതന്നെ ആഘോഷമായി നടത്തുന്ന ട്രാസ്ക് മഹോത്സവം എന്നിങ്ങനെ വർഷംതോറും നടത്തിവരുന്ന പരിപാടികൾ നിരവധിയാണ്.
കോവിഡ് സാഹചര്യത്തിൽ ഭക്ഷണം, മരുന്ന്, ചികിത്സാസഹായങ്ങൾ തുടങ്ങിയവ നൽകി. നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയവർക്കായി പൂർണമായും ഭാഗികമായും ടിക്കറ്റ് നിരക്ക് ഇളവ് നൽകി ചാർേട്ടഡ് വിമാനം അയക്കാൻ കഴിഞ്ഞു. മരിച്ച അംഗങ്ങളുടെ മൃതദേഹം നാട്ടിലയക്കാനുള്ള കാര്യങ്ങൾ, കൗൺസലിങ് സഹായങ്ങൾ തുടങ്ങി എന്നും അംഗങ്ങൾക്ക് താങ്ങും തണലുമായി സംഘടന കൂടെയുണ്ട്.
കോവിഡ് കാലത്ത് പുറംലോകവുമായി ബന്ധം പരിമിതപ്പെട്ട കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ഒാൺലൈൻ കലാപരിപാടികൾ, ഡോക്ടർ ലൈവ്, സംഗീത സന്ധ്യകൾ എന്നിവ നടത്തി. ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി നടത്തിയ ചടങ്ങിൽ 150ൽപരം അംഗങ്ങൾ പെങ്കടുത്തു.
ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്ക് പ്രത്യേക പരിചരണം നൽകാനും മരുന്നുകൾ എത്തിച്ചുകൊടുക്കാനും മെഡിക്കൽ സെല്ലും തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമായി ജോബ്സെല്ലും പ്രവർത്തിക്കുന്നു.
സംഘടനക്ക് പുറത്തുള്ളവർക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ കഴിയുന്ന വിധം സഹായം എത്തിക്കുന്നു. 15 വർഷത്തെ യാത്രയിൽ കുവൈത്തിലെ ഏറ്റവും സജീവമായ ജില്ല സംഘടനകളിലൊന്നാകാൻ തൃശൂർ അസോസിയേഷൻ ഒാഫ് കുവൈത്തിന് സാധിച്ചുവെന്ന് നിസ്സംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.