ഗോതമ്പ് സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് സർക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗോതമ്പ് സ്റ്റോക്ക് മതിയായ അളവിലുണ്ടെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ വിളവിലുണ്ടായ ഇടിവ് രാജ്യത്തിന്റെ ഭക്ഷ്യവിതരണ സംവിധാനത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗോതമ്പ്, അരി എന്നിവയുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് ഇപ്പോൾ രാജ്യത്തുണ്ട്. നിലവിലെ പ്രതിസന്ധികൾ ബാധിക്കാത്ത സ്രോതസ്സുകളിൽനിന്നാണ് കുവൈത്ത് അസംസ്കൃത ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്.
ഗുണനിലവാരമുള്ളതും ഈർപ്പം കുറഞ്ഞതുമായ ഇവ കുവൈത്തിലെ ചൂടുള്ള കാലാവസ്ഥയിൽ ദീർഘകാലത്തേക്ക് സംഭരണംചെയ്യാൻ സാധിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. അരിയുടെ കാര്യത്തിലും ആശങ്കയുടെ സാഹചര്യമില്ല. ഒരു വർഷത്തേക്ക് ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ, യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരം വർധിപ്പിക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരുകയാണ്.
അതിനിടെ ആഗോളതലത്തിൽ അനുഭവപ്പെടുന്ന വിലക്കയറ്റത്തിന്റെ പ്രതിഫലനം കുവൈത്ത് വിപണിയിലും ദൃശ്യമായിത്തുടങ്ങി.
ഭക്ഷ്യവസ്തുക്കൾക്കാണ് വിലവർധന കാര്യമായി ബാധിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിവിധ ഉൽപന്നങ്ങൾക്ക് രാജ്യത്ത് കയറ്റുമതിനിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ശീതീകരിച്ച കോഴിയിറച്ചി, സസ്യ എണ്ണ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവ കയറ്റുമതി ചെയ്യുന്നതിനാണ് വിലക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.