ചൂട് കനക്കുന്നു; തീപിടിത്തം ശ്രദ്ധിക്കാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തം വ്യാപകമായി. വേനൽക്കാലത്ത് തീപിടിത്തങ്ങൾ പെരുകുന്ന പതിവുകാഴ്ച തന്നെയാണ് ഇത്തവണയും. മിക്ക ദിവസങ്ങളിലും ഒന്നിലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയ തീപിടിത്തങ്ങൾ വേറെയും. ഉയർന്ന അന്തരീക്ഷ ഉൗഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്.
കൊടും ചൂടിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി. എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്തുക്കൾ സുരക്ഷാ സംവിധാനങ്ങളോടുകൂടി സൂക്ഷിക്കണം. അടുക്കളയിലെ ഇലക്ട്രിക് പാചക സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, മൈക്രോ ഓവൻ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കണം. ശക്തമായ ചൂടിൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കൂടുതലാണ്. തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ വീടുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഈമാസം അവസാനത്തോടെ 40 ഡിഗ്രിസെൽഷ്യസിലേക്ക് താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇനിയും താപനില ഉയരും. തീപിടുത്ത സാധ്യത കണക്കിലെടുത്ത ജനറൽ ഫയർഫോഴ്സ് ഡിപ്പാർട്ടുമെൻറ് ജാഗ്രത പുലർത്തുന്നുണ്ട്. അപകടങ്ങൾ സംഭവിക്കുന്ന ഉടനെ ഫയർഫോഴ്സ്ിനെ വിവരമറിയിച്ചാൽ രക്ഷാപ്രവർത്തനം എളുപ്പമാകും.
അടുത്ത മാസത്തോടെ ചൂട് കനക്കുമെന്നാണ് സൂചന. ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയാണ് നിയന്ത്രണം. വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ വര്‍ഷവും ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്. ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങൾ കുവൈത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഈ ഘട്ടങ്ങളിൽ തീപിടിത്തങ്ങളും കൂടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.