ചൂട് തുടരും; താപനില ഉയരും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ല. കാലാവസ്ഥാഭൂപടങ്ങളും സംഖ്യാമാതൃകകളും പ്രകാരം കാലാനുസൃതമായ ‘ഇന്ത്യ ഡിപ്രഷൻ’ വ്യാപനം കുവൈത്തിനെ ബാധിച്ചതായി കാണിക്കുന്നതായി കാലാവസ്ഥാ പ്രവചന നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.
ഇടവിട്ട് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ചൂടുള്ള സാന്നിധ്യമുണ്ടാകും. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാം. ബുധനാഴ്ചയും അന്തരീക്ഷം ചൂടുപിടിച്ചതായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റു വീശും.
വ്യാഴാഴ്ചയും ഇതേ നില തുടരും. പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 51 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.
വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയരുന്നു
കുവൈത്ത് സിറ്റി: വേനല്‍ കടുത്തതോടെ രാജ്യത്ത് വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയരുന്നു. ഈ വർഷത്തെ റെക്കോഡ് വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. ഉയർന്ന അന്തരീക്ഷ താപനിലയിൽ എയർ കണ്ടീഷനറുകൾ കൂടുതലായി ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടുന്നതിന് പ്രധാന കാരണം.
വൈദ്യുത-ജല ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. വൈദ്യുതി പാഴാക്കരുത്. അനാവശ്യ ഗാഡ്ജെറ്റുകൾ ഓഫ് ചെയ്യണം. വീടിനകത്തും പുറത്തും ആവശ്യത്തിന് വേണ്ട ലൈറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മാത്രം പ്രവര്‍ത്തിപ്പിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സാമൂഹിക പ്രതിബദ്ധതയായി കാണണമെന്നും അധികൃതർ ഉണർത്തി. വേനലിലെ വൈദ്യുതി-ജല ഉപഭോഗം ഉയരുന്നത് നേരിടാൻ ആവശ്യമായ തയാറെടുപ്പുകൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.