അവധിക്കാലം ആഘോഷക്കാലം
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കാലത്ത് ലഭിച്ച ദിനങ്ങൾ ആഘോഷമാക്കുകയാണ് കുടുംബങ്ങൾ. ഓഫിസുകൾക്കും സ്കൂളുകൾക്കും അവധിയായതോടെ ജനങ്ങൾ കൂട്ടത്തോടെ കഴിഞ്ഞ ദിനങ്ങളിൽ വിനോദകേന്ദ്രങ്ങളിലെത്തി.
കുട്ടികൾ ഉത്സവാഘോഷവേളകളിൽ വിനോദകേന്ദ്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. കുട്ടികൾക്കൊപ്പം മുതിർന്നവരും എത്തിയതോടെ വിനോദ ഗെയിമുകൾ ഒരുക്കിയ മാളുകളിലും കേന്ദ്രങ്ങളിലും തിരക്കേറി. ആഹ്ലാദാരവങ്ങളാൽ സന്തോഷം പങ്കിടുന്ന കുട്ടികളെക്കൊണ്ട് ഈ കേന്ദ്രങ്ങൾ നിറഞ്ഞു. പലയിടങ്ങളിലും വലിയ തിരക്കും അനുഭവപ്പെട്ടു. ബീച്ചുകളിലും മറ്റ് ഇടങ്ങളിലും വൈകുന്നേരങ്ങളിൽ നിരവധി പേർ എത്തി. സീസണും തിരക്കും കണക്കിലെടുത്ത് ആളുകളെ ആകർഷിക്കാൻ മിക്ക കേന്ദ്രങ്ങളിലും ഗെയിമുകൾക്കു 50 ശതമാനം വരെ ഓഫറുകളും ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. ഒരു ദീനാർ മുതൽ മൂന്നു ദീനാർ വരെയുള്ള ഗെയിമുകളുണ്ട്.
സ്കേറ്റിങ് പ്രേമികൾക്ക് ടിക്കറ്റ് നിരക്ക് അഞ്ചു മുതൽ 10 ദീനാർ വരെയാണ്. കുട്ടികൾ ആവേശത്തോടെയാണ് ഈ ഗെയിമുകളിലും വിനോദകേന്ദ്രങ്ങളിലും തങ്ങളുടെ ദിവസം ചെലവഴിക്കുന്നത്.
അവധിക്കാലത്ത് കുട്ടികളെയും കൊണ്ട് മറ്റു സ്ഥലങ്ങളിൽ പോകുന്നവരുടെ എണ്ണവും കൂടി. ഫലൈക്ക ദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സന്ദർശകരെത്തി. കുവൈത്തിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നവരുമുണ്ട്. ദുബൈ, ഇസ്തംബൂൾ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവധി ചെലവഴിക്കാൻ സ്വദേശികൾ കൂടുതലായും യാത്ര ചെയ്യുന്നത്. മലയാളികൾ അടക്കമുള്ള നിരവധി പേർ പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനത്താവളത്തിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
അതേസമയം, പെരുന്നാൾ അവധി കഴിഞ്ഞ് ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച തുറക്കും. ചില സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുനരാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.