ഖുർആൻ പകർപ്പ് കത്തിച്ച സംഭവം; ശക്തമായ പ്രതിഷേധവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്കുമുന്നിൽ ഖുർആൻ പകർപ്പ് കത്തിച്ച സംഭവത്തിലും വീണ്ടും അനുമതിനൽകാനുള്ള സ്വീഡിഷ് അധികാരികളുടെ തീരുമാനത്തിലും ശക്തമായ പ്രതിഷേധവുമായി കുവൈത്ത്. വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സ്വീഡൻ വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് ഖുർആൻ പകർപ്പ് കത്തിച്ചതിനെ കുവൈത്ത് ഭരണകൂടം പൂർണമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി അറിയിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വീഡിഷ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജർറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹാണ് യു.എ.ഇയിലെ സ്വീഡൻ അംബാസഡറും കുവൈത്തിലെ നോൺ റസിഡന്റ് അംബാസഡറുമായ ലിസെലോട്ട് ആൻഡേഴ്സന് പ്രതിഷേധക്കുറിപ്പ് കൈമാറിയത്.
ഖുർആൻ പകർപ്പ് കത്തിക്കാൻ ചിലർക്ക് സർക്കാർ അനുമതി നൽകിയതിൽ കുറിപ്പിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം നികൃഷ്ടമായ പ്രവൃത്തികളിൽ തുടരാൻ തീവ്രചിന്താഗതിക്കാരായ ചിലരെ അനുവദിച്ചതിന് സ്വീഡിഷ് അധികാരികളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി ശൈഖ് ജർറാഹ് അറിയിച്ചു. മുസ്ലിംകളെയും ഖുർആനെയും ലക്ഷ്യമിട്ടുള്ള ദുഷ്പ്രവൃത്തികൾ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്വീഡിഷ് സർക്കാർ ഏറ്റെടുക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത കുവൈത്ത് വ്യക്തമാക്കി. മുസ്ലിംകളെ വ്രണപ്പെടുത്താനും വിശ്വാസത്തിന്റെ പവിത്രത തകർക്കാനുമുള്ള തന്ത്രമായി ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നവരെ തടയേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
വിഷയത്തിൽ നേരത്തേ വിദേശകാര്യമന്ത്രാലയം അപലപിച്ചിരുന്നു. ഇത്തരം പെരുമാറ്റങ്ങൾ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി. ഇതിനു പിറകെയാണ് സ്വീഡൻ പ്രതിനിധിക്ക് പ്രതിഷേധക്കുറിപ്പ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.