ഖുർആൻ പകർപ്പ് കത്തിച്ച സംഭവം; ശക്തമായ നിയമനടപടി സ്വീകരിക്കണം
text_fieldsകുവൈത്ത് സിറ്റി: ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗനിൽ ഖുർആൻ പകർപ്പ് കത്തിച്ച സംഭവത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ഈ പ്രകോപനപരമായ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്ലിംകളെ വ്രണപ്പെടുത്തുകയും തീവ്രവാദം വളർത്തുകയും ചെയ്യുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മുസ്ലിംകളുടെ പ്രതീകങ്ങളെയും വിശുദ്ധികളെയും വ്രണപ്പെടുത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും തടയാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ഡെന്മാർക് സർക്കാറിനോട് കുവൈത്ത് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും വേണം.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഇസ്ലാമിനെയും മറ്റു മതങ്ങളെയും അവഹേളിക്കാനുള്ളതല്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മതങ്ങളെയും പ്രതീകങ്ങളെയും അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണത്തിലൂടെ ഇത്തരം ലജ്ജാകരമായ പ്രവൃത്തികളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.
മതവിദ്വേഷത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ സമീപകാല പ്രമേയം ഉൾപ്പെടെ, പ്രസക്തമായ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രമേയങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
രണ്ടു ദിവസം മുമ്പ് സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ വീണ്ടും ഖുർആൻ അവഹേളനം നടത്തിയിരുന്നു. ഇത്തരം ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾ മുസ്ലിംകളുടെ വികാരങ്ങളെ ജ്വലിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് മുന്നറിയിപ്പ് നൽകി.
വിദ്വേഷ പ്രസംഗങ്ങൾ നിരസിക്കാനും മതങ്ങളോടുള്ള സഹിഷ്ണുതയുടെയും ആദരവിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. മതങ്ങളെയും മതചിഹ്നങ്ങളെയും നിന്ദിക്കുന്നത് കുറ്റകരമാക്കുന്ന നിയമങ്ങൾ രൂപപ്പെടുത്താനും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി.
കഴിഞ്ഞമാസം സ്റ്റോക്ഹോമിലെ സമാന സംഭവത്തിനെതിരെ ശക്തമായ പ്രതികരണമാണ് കുവൈത്ത് നടത്തിയത്. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സ്വീഡൻ വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ച് ഖുർആൻ പകർപ്പ് കത്തിച്ചതിനെ കുവൈത്ത് ഭരണകൂടം പൂർണമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി അറിയിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വീഡിഷ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറുകയും ഉണ്ടായി. സംഭവത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി), ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) എന്നിവ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.