എടപ്പാളുകാരുടെ ഇടനെഞ്ചിലെ 'ഇടപ്പാളയം'
text_fieldsമലപ്പുറം ജില്ലയിലെ എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി പഞ്ചായത്തുകളിലുള്ള പ്രവാസികളുടെ സംഘടനയാണ് ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ. 2016ൽ അബൂദബിയിൽ തുടങ്ങി അഞ്ചു വർഷം പിന്നിടുമ്പോൾ ആറു ഗൾഫ് രാജ്യങ്ങളിലെ അബൂദബി, ഖത്തർ, ദുബൈ, ദമ്മാം, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സകാക, റിയാദ്, ജിദ്ദ, അൽഐൻ എന്നിവിടങ്ങളിലും ആസ്ഥാനമായ എടപ്പാളിലും കൂടി 12 ചാപ്റ്ററുകൾ നിലവിലുണ്ട്.
3000 അംഗങ്ങളുള്ള പ്രസ്ഥാനത്തിന് 2019ൽ കേരള സർക്കാർ അംഗീകാരം നൽകി. അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് 'പ്രവാസി പ്രവാസിക്ക് വേണ്ടി' എന്ന ആദർശത്തിലൂന്നിയാണ് പ്രവർത്തനം.
അംഗങ്ങളുടെ ക്ഷേമമാണ് പ്രഖ്യാപിത നയമെങ്കിലും പൊതുവായി നാട്ടുകാരെ ബാധിക്കുന്ന വിപത്തിനെ നേരിടുന്നതിൽ നാടുമായി കൈകോർക്കും.
2018ലെയും 2019ലെയും പ്രളയ കാലത്ത് ആറു ക്യാമ്പുകളിൽ 1600ഒാളം സഹോദരീ സഹോദരങ്ങൾക്ക് ഭക്ഷണവും മരുന്നും വെള്ളവും മറ്റ് സൗകര്യങ്ങൾ ഒരുക്കുകയും 3,56,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് ഗൾഫിലും നാട്ടിലുമുള്ള ഒട്ടേറെപ്പേർക്ക് യാത്രാസഹായമുൾപ്പെടെ നൽകി.
ഇടപ്പാളയം അംഗങ്ങളുടെ ആരോഗ്യം, തൊഴിൽ, സമ്പാദ്യം, മക്കളുടെ വിദ്യാഭ്യാസം, കുടുംബരക്ഷ, പുനരധിവാസം, സംഗീത കലാ-കായിക സാംസ്കാരിക അഭിരുചി പ്രോത്സാഹിപ്പിക്കൽ എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയാണ് പ്രവർത്തനം.
2020ൽ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ ഗ്ലോബൽ പ്രസിഡൻറ് വിദ്യാഭ്യാസ അവാർഡിലൂടെ പത്താംതരവും പ്ലസ്ടുവും പാസായ 38 കുട്ടികളെ സർട്ടിഫിക്കറ്റ്, മെമേന്റാ, കാഷ് അവാർഡ് എന്നിവ നൽകി ആദരിച്ചു. കൂടാതെ എല്ലാ അംഗങ്ങൾക്കും നാട്ടിലെ ക്ലിനിക്കുകളിൽനിന്ന് വർഷത്തിലൊരിക്കൽ ഫുൾബോഡി മെഡിക്കൽ ചെക്കപ്പ് സൗജന്യമായി നടത്താൻ സൗകര്യവും ഏർപ്പെടുത്തി. മഹാമാരിക്കാലത്ത് പ്രയാസപ്പെടുന്ന മുന്നൂറോളം പ്രവാസികുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുകയും കോവിഡ് ഹെൽപ്ഡെസ്ക് രൂപവത്കരിച്ച് രോഗികൾക്കും കുടുംബത്തിനും തുണയാകുകയും ചെയ്തു.
കലാ-കായിക സംഗീത സാംസ്കാരിക രംഗത്ത് അംഗങ്ങളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളിൽ ഏറെ പരിപാടികളും മത്സരവേദികളും സംഘടിപ്പിച്ചു. ഗൾഫിൽ മരിച്ച അഞ്ച് സഹോദരങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകി. അടുത്ത വർഷങ്ങളിൽ അംഗങ്ങൾക്ക് നൽകാനുള്ള ക്ഷേമപ്രവർത്തനങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.