പരിശോധന തുടരുന്നു; താമസനിയമം ലംഘിച്ച 226 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താൻ, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി, മുബാറക്കിയ, ഫഹാഹീൽ എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയിൽ 226 പേരെ അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകീട്ടും പരിശോധന കാമ്പെയിനുകൾ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണിത്. പിടിയിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധനകൾ നടന്നുവരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് രാജ്യത്ത് അറസ്റ്റിലായത്. വിവിധ വിസകളിൽ രാജ്യത്ത് എത്തുകയും രാജ്യത്ത് തുടരാനുള്ള വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ തുടരുകയും ചെയ്യുന്ന നിരവധി പ്രവാസികൾ ഉണ്ട്. വിസ ഏജൻറുമാരുടെയും സ്പോൺസർമാരുടെയും തട്ടിപ്പിനിരയാകുന്നവരും ഇതിലുണ്ട്.
ഇത്തരക്കാരെ പിടികൂടി നാടുകടത്താനാണ് അധികൃതരുടെ ശ്രമം. നാടുകടത്തുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് മടങ്ങിവരാനാകില്ല. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെ പിടികൂടുന്നതിനൊപ്പം താമസ, തൊഴിൽ മേഖലയുടെ ശുദ്ധീകരണവും വിദേശികളുടെ എണ്ണം കുറക്കലും ലക്ഷ്യമാണ്.
വാഹന പരിശോധന: 16 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വാഹന പരിശോധന കാമ്പയിനിൽ നിയമങ്ങൾ ലംഘിച്ച 16 പേരെ ആഭ്യന്തര ഓപറേഷൻസ് വകുപ്പ് അറസ്റ്റ് ചെയ്തു. സബാഹിയ, ഉമ്മുൽ ഹൈമാൻ, ഫഹദ് അൽ അഹമ്മദ് എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ ആറ് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും മറ്റുള്ളവരെ ട്രാഫിക് വകുപ്പിലേക്കും കൈമാറി. പരിശോധനക്കിടെ 32 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. 15 വാഹനങ്ങൾ കണ്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.