തൊഴിൽ വിപണി സജീവമാകും; താൽക്കാലിക സർക്കാർ കരാറുകളിൽ എൻട്രി വിസകൾ പുനരാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ഒരു വർഷത്തിൽ താഴെ കാലാവധിയിലുള്ള താൽക്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. തിങ്കളാഴ്ച മുതൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ വർക്ക് എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊ അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തൊഴിൽ വിപണിയുടെ സജീവത വർധിപ്പിക്കുക, ഹ്രസ്വകാല തൊഴിൽ അസൈൻമെന്റുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ തീരുമാനം. താൽക്കാലിക തൊഴിലുകളിൽ കാര്യക്ഷമമായ നിർവഹണം ഉറപ്പാക്കൽ, തൊഴിൽ വിപണിയുടെ ആവശ്യകത പരിഹരിക്കൽ എന്നിവയും നടപടിയുടെ ഭാഗമാണ്.
തീരുമാനം താൽക്കാലിക കരാറുകൾ കൈകാര്യം ചെയ്യുന്നതിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കും വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.തൊഴിൽ പ്രവേശന വിസകൾ വീണ്ടും സജീവമാക്കുന്നത് രാജ്യത്ത് കൂടുതൽ ചലനാത്മകമായ മാറ്റത്തിന് ഇടയാക്കുമെന്നാണ് സൂചന. തൊഴിൽ വിപണി പരിപോഷിപ്പിക്കപ്പെടുന്നതിലൂടെ മൊത്തത്തലുള്ള വിപണിയിലും ഉണർവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.