കുവൈത്ത് മന്ത്രിസഭ രാജി സമർപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: 17ാം ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ രാജിവെച്ചു.
ശനിയാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിനു ശേഷം രാജിക്കത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സമർപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സെയ്ഫ് പാലസിൽ നടന്ന അസാധാരണ കാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഉപപ്രധാനമന്ത്രിയും, കാബിനറ്റ് കാര്യ സഹമന്ത്രി- നാഷനൽ അസംബ്ലി കാര്യങ്ങളുടെ ആക്ടിങ് മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫറസ് അറിയിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ കാര്യങ്ങൾ ചർച്ചചെയ്യുകയും അമീറിന് രാജി സമർപ്പിക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 17ാം ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ ഈമാസം 11ന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതും അമീറിന്റെ പരിഗണനക്കായി സമർപ്പിച്ചു.
കുവൈത്ത് ഭരണഘടന പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രാജിവെക്കണം. ദേശീയ അസംബ്ലിയുടെ ആദ്യ സെഷനിൽ പുതിയ സർക്കാർ രൂപവത്കരിക്കുന്നത് ചർച്ചയായേക്കും. അതേസമയം, പാർലമെന്ററിലെ താൽപര്യങ്ങളും ഭൂരിപക്ഷവും മന്ത്രിസഭ രൂപവത്കരണത്തിന് തടസ്സമാകില്ല. പ്രധാനമന്ത്രിയുടെയും പ്രധാന വകുപ്പുകളുടെയും ചുമതല അസ്സബ ഭരണകുടുംബത്തിലെ മുതിർന്ന അംഗങ്ങളാണ് വഹിക്കുന്നത്. പരിഷ്കരണവാദിയായി വിലയിരുത്തപ്പെടുന്ന ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. പുതിയ എം.പിമാരുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്.
ചുരുങ്ങിയ കാലത്ത് ശ്രദ്ധേയ പ്രവർത്തനങ്ങളും അദ്ദേഹത്തിന് കാഴ്ചവെക്കാനായി. കുവൈത്തിന്റെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി ഈ വർഷം ജൂലൈ 22നാണ് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ചുമതലയേറ്റത്. താൽക്കാലികമായി അധികാരത്തിലേറിയ ഇദ്ദേഹത്തിന് കീഴിലുള്ള സർക്കാർ രണ്ട് മാസവും ചുരുക്കം ദിവസങ്ങളും മാത്രമാണ് പൂർത്തീകരിച്ചത്.
അതിനിടെ, പുതിയ അസംബ്ലിയിലെ സ്പീക്കറായി അഹമ്മദ് അൽ സദൂന്റെ പേര് ഉയർന്നു വന്നിട്ടുണ്ട്. മുൻ സ്പീക്കറും നിരവധി തവണ പാർലമെന്റ് അംഗവുമായ ഇദ്ദേഹം തന്നെ സ്പീക്കറാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.