കുവൈത്ത് പാർലമെൻറ് ഒരു മാസത്തേക്ക് മരവിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് യോഗം അമീർ പ്രത്യേക ഉത്തരവിലൂടെ മരവിപ്പിച്ചു. ഭരണഘടനയുടെ 106ാം ആർട്ടിക്കിൽ ഉപയോഗിച്ചാണ് ഫെബ്രുവരി 18 മുതൽ ഒരുമാസത്തേക്ക് മരവിപ്പിച്ചത്. ഒരു മാസം വരെ പാർലമെൻറ് യോഗം നിർത്തിവെക്കാൻ അമീറിന് അധികാരം നൽകുന്നതാണ് ഇൗ ചട്ടം. ഒരു സെഷനിൽ ഒരു തവണ മാത്രമാണ് ഇങ്ങനെ മരവിപ്പിക്കാൻ കഴിയുക.
മന്ത്രിസഭ രാജിവെക്കുകയും പുതിയ മന്ത്രിസഭ രൂപവത്കരണം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീർപ്പിലെത്താൻ കഴിയാത്തതാണ് മന്ത്രിസഭ രൂപവത്കരണം വൈകുന്നതിന് പിന്നിലെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പാർലമെൻറും സർക്കാറും തമ്മിലുള്ള ഭിന്നതയാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. ചില മന്ത്രിമാരെ തുടരാൻ അനുവദിക്കില്ലെന്ന് എം.പിമാർ പറയുന്നു. ഭൂരിഭാഗം എം.പിമാരുടെ പിന്തുണ അവർക്കുണ്ടെന്നാണ് അവകാശവാദം. അതുകൊണ്ടുതന്നെ എം.പിമാരുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ സർക്കാറിന് മുന്നോട്ടുപോകാനാവില്ല.
ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിന് മുമ്പാണ് രാജി. പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഉന്നതതലത്തിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. പാർലമെൻറ് അംഗങ്ങളെകൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.