ഗസ്സയിൽ ചികിത്സ നൽകി കുവൈത്ത് സംഘം മടങ്ങിയെത്തി
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവർക്കും രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും പരിചരണം നൽകി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) സന്നദ്ധ മെഡിക്കൽ സംഘം മടങ്ങിയെത്തി. മെഡിക്കൽ സംഘത്തെ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദിയുടെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ചു. സംഘത്തിന്റെ ശ്രമങ്ങളെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
ഇത്തരം ശ്രമം ഗൾഫിൽ ആദ്യത്തേതാണെന്നും കുവൈത്തിലെ സന്നദ്ധ സംഘടനകളും ഈജിപ്തിലെയും ഫലസ്തീനിലെയും മാനുഷിക അസോസിയേഷനുകളും തമ്മിലുള്ള ഏകോപനത്തിന്റെ വിജയമാണിതെന്നും മെഡിക്കൽ സംഘത്തിന്റെ സേവനത്തെക്കുറിച്ച് ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അൽ അവാദി പറഞ്ഞു.
തികഞ്ഞ അർപ്പണബോധത്തോടെയും ആത്മാർഥതയോടെയുമാണ് സംഘം തങ്ങളുടെ ജോലി നിർവഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് വൈദ്യസഹായം, ഭക്ഷണം, അടിയന്തര പാർപ്പിടം എന്നിവ നൽകി ഫലസ്തീൻ ജനതക്ക് പിന്തുണ നൽകുന്ന കുവൈത്തിന്റെ ഉറച്ച നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.
ഗസ്സയിൽ ആവശ്യമായ ചികിത്സ നൽകുന്നതിന് മെഡിക്കൽ ഉദ്യോഗസ്ഥരെ നൽകുന്നതുൾപ്പെടെയുള്ള സഹായം നൽകാൻ സൊസൈറ്റിക്ക് താൽപര്യമുണ്ടെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ഹിലാൽ അൽ സെയർ പറഞ്ഞു.
കുവൈത്ത് റെഡ് ക്രസന്റ് ഓപറേഷൻസ് തലവനും മെഡിക്കൽ ടീം തലവനുമായ ഡോ. മുസൈദ് അൽ എനെസിയുടെ നേതൃത്വത്തിൽ ഓർത്തോപീഡിക് സർജൻ ഡോ.ഹുസൈൻ ഖുവൈൻ, യൂറോളജി കൺസൾട്ടന്റ് ഡോ.ഫൈസൽ അൽ ഹജ്രി, അനസ്തേഷ്യ കൺസൾട്ടന്റ് ഡോ.മുഹമ്മദ് ഷംസാ, സർജിക്കൽ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഹൈദർ, അഡ്മിനിസ്ട്രേറ്റീവ് കോഒാഡിനേറ്റർ അബ്ദുറഹ്മാൻ അൽ സാലിഹ് എന്നിവരടങ്ങിയ സംഘമാണ് ഗസ്സയിൽ എത്തിയത്.
മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയും സംഘം ഗസ്സയിൽ എത്തിച്ചു. ഗസ്സയിലെ ആരോഗ്യ അധികൃതരുമായി സഹകരിച്ച് യൂറോപ്യൻ ഹോസ്പിറ്റലിലും കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റലിലും നിരവധി ശസ്ത്രക്രിയകൾ സംഘം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.