പ്രവാചക സ്മരണകളുടെ വെളിച്ചം ജീവിതത്തെ മുന്നോട്ടുനയിക്കണം –കാന്തപുരം
text_fieldsകുവൈത്ത് സിറ്റി: നന്മയുടെ അധ്യാപനങ്ങൾകൊണ്ട് ലോകത്തെ മാറ്റിപ്പണിത പ്രവാചകന്റെ ഓർമകൾ എക്കാലത്തെയും മാനവിക സമൂഹത്തെ മുന്നോട്ടുനയിക്കാൻ പ്രാപ്തമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പ്രവാചക കീർത്തനങ്ങൾ വഴി, നബിസ്മരണകളുടെ വെളിച്ചം വിശ്വാസിഹൃദയങ്ങളിൽ അവശേഷിക്കുമെന്നും കാന്തപുരം പറഞ്ഞു.
ഈ വർഷത്തെ ഐ.സി.എഫ് മീലാദ് കാമ്പയിൻ പ്രവർത്തനങ്ങളുടെ അന്താരാഷ്ട്രതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അറിവും അന്നവും അഭയവും നൽകുക എന്നതാണ് പ്രവാചകൻ പകർന്നുനൽകിയ സേവന മാതൃക. ആ പാതയിലൂടെയാണ് മർകസ് സ്ഥാപനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത്, ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ചിത്താരി കെ.പി. ഹംസ മുസ്ലിയാരെ അനുസ്മരിച്ചു. ട്രെയിനിങ് പൂർത്തിയാക്കിയ മദ്റസ അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ കാന്തപുരം സമ്മാനിച്ചു. കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തൻവീർ ഉമർ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര എന്നിവർ സംസാരിച്ചു. ശുക്കൂർ മൗലവി കൈപ്പുറം, അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് കാമിൽ സഖാഫി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.