ഇന്ത്യയിൽനിന്നുള്ള പ്രവേശന വിലക്ക് വിപണിയെ ബാധിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള പ്രവേശന വിലക്ക് കുവൈത്തിലെ വിപണിയെയും തൊഴിൽ മേഖലയെയും ബാധിക്കുന്നു. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം ഇന്ത്യക്കാരാണ്.
വിമാനങ്ങൾ നിർത്തിവെച്ചത് തൊഴിൽ മേഖലകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദേശ തൊഴിലാളികളെ ആശ്രയിച്ചുള്ള തൊഴിൽ മേഖലകളാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്. വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
പതിനായിരങ്ങളാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുന്നത്. തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇപ്പോൾ ആളുകൾ നാട്ടിൽ പോകാനും തയാറാകുന്നില്ല. പ്രവാസികളുടെ നാട്ടിൽ പോക്കുമായി ബന്ധപ്പെട്ടാണ് പല ഉൽപന്നങ്ങളുടെയും കച്ചവടം.
കളിപ്പാട്ടങ്ങൾ, മിഠായി, വസ്ത്രങ്ങൾ, ചില തരം വീട്ടുസാധനങ്ങൾ, അലങ്കാര വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, ചോക്ലേറ്റുകൾ തുടങ്ങിയവ കാര്യമായി വാങ്ങുന്നത് അവധിക്ക് പോകുന്ന പ്രവാസികളാണ്. ഇത്തരം ഉൽപന്നങ്ങളുടെ വ്യാപാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് ആളുകുറയുന്നത് ആഭ്യന്തര വിപണിയെ പൊതുവായി ബാധിക്കുന്നു. ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. വിദേശികളുടെ പ്രവേശന വിലക്കിനെതിരെ സ്വദേശികൾ തന്നെ രംഗത്തുവരുന്നുണ്ട്.
കർശനമായ ഉപാധികളോടെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയും പ്രവേശനം അനുവദിക്കണമെന്ന് സ്വദേശികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് കൂടി വിലക്കിയതാണ് സ്വദേശികളിൽ വലിയൊരു വിഭാഗത്തിെൻറ പ്രതികരണങ്ങൾക്ക് കാരണം. ഗാർഹികത്തൊഴിലാളി ക്ഷാമം രാജ്യത്ത് രൂക്ഷമാണ്.
ഭാഗിക കർഫ്യൂ കാരണം കുറഞ്ഞ സമയം മാത്രം തുറന്നുപ്രവർത്തിക്കാൻ കഴിയുന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. വൈകീട്ടും രാത്രിയുമാണ് മുൻകാലങ്ങളിൽ ഏറ്റവും കച്ചവടം നടക്കാറുള്ളത്. ആളുകൾ ജോലിക്ക് പോയി വന്നതിന് ശേഷമാണ് പർച്ചേസിന് ഇറങ്ങുന്നത് പതിവ്.
ഇൗ സമയത്താണ് വ്യാപാര നിയന്ത്രണം. സ്ഥാപനം തുറക്കുന്നതിനാൽ വാടക, ശമ്പള ചെലവുകൾ കൊടുക്കേണ്ടി വരുന്നു. എന്നാൽ, ഇതനുസരിച്ച് വരുമാനമില്ല. കുവൈത്തികൾ വാങ്ങുന്ന തരം ഉൽപന്നങ്ങളുടെ വിപണിക്ക് വലിയ ക്ഷതം സംഭവിച്ചിട്ടില്ല.
സർക്കാർ മേഖലയിലെ സ്വദേശികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. പതിവുള്ള വിദേശ യാത്ര ഇത്തവണ ഇല്ലാത്തതിനാൽ കുവൈത്തികൾ മിച്ചം വരുന്ന പണത്തിൽ ഒരു പങ്ക് വിപണിയിൽ ഇറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.