‘മൈൽസ് ഓൺ വീൽസ്’ യാത്ര തുടരും...
text_fieldsകുവൈത്ത് സിറ്റി: പുലർകാലത്ത് കുവൈത്ത് ടവറിനു സമീപത്തെ കടലോരത്തും സാൽമിയ-കെ.പി.സി റോഡിലും അഹമ്മദി ഭാഗത്തുമൊക്കെ പോയാൽ മനോഹരമായ കാഴ്ചകൾ കാണാം. സൈക്കിളിൽ മലയാളം പറഞ്ഞ് നെടുനീളത്തിൽ ചവിട്ടിപ്പോകുന്ന ചിലർ.
വർഷങ്ങളായി മഞ്ഞും തണുപ്പും മഴയും വെയിലുമൊന്നും വകവെക്കാതെ ഇവർ പാതകളിലുണ്ട്. കുവൈത്തിലെ മലയാളി സൈക്കിൾ ക്ലബായ ‘മൈൽസ് ഓൺ വീൽസി’ലെ 40ഓളം അംഗങ്ങളാണ് ദിനചര്യയായി സൈക്കിളിൽ പുലർകാല യാത്ര നടത്തുന്നത്. കുവൈത്തിലെ പലയിടങ്ങളിലായി താമസിക്കുന്ന ഇവർ ഒരോ ലൊക്കേഷനിലേക്ക് കൂട്ടത്തോടെ സഞ്ചരിക്കുന്നു.
സാൽമിയ- കെ.പി.സി റോഡിലെ 32 കിലോമീറ്ററോളമാണ് പതിവായി സൈക്കിൾ ചവിട്ടുന്നത്. ഒഴിവുദിനങ്ങളിൽ ലക്ഷ്യവും ദൂരവും കൂടും. അങ്ങനെ 170 കിലോമീറ്ററും 200 കിലോമീറ്ററും വരെ ഇവർ സൈക്കിളിൽ ചവിട്ടി നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലും കുറഞ്ഞത് 100 കിലോമീറ്ററാണ് ദൂരം.
മലയാളി കൂട്ടായ്മയുടെ സൈക്കിൾപ്രേമം കണ്ട് ചില നോർത്ത് ഇന്ത്യക്കാരും നൈജീരിയൻ, മെക്സികോ പൗരന്മാരും സൈക്കിളിൽ ഇവർക്കൊപ്പം കൂടിയിട്ടുണ്ട്. കോവിഡ് തുടക്ക കാലത്ത് ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കുറച്ചു പേരായി തുടങ്ങിയ സൈക്ലിങ്ങിലേക്ക് പിന്നീട് കൂടുതൽ പേർ വന്നുചേരുകയായിരുന്നു. അങ്ങനെ ഇതൊരു വലിയ കൂട്ടായ്മയായി. സൈക്ലിങ് പതിവാക്കിയതോടെ 15 കിലോ ശരീരഭാരം കുറക്കാനും പ്രമേഹത്തിൽനിന്ന് പുറത്തുകടക്കാനും കഴിഞ്ഞതായി കൂട്ടായ്മയുടെ തുടക്കം മുതലുള്ള വിപിൻ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ സൈക്കിളിൽ പുറത്തിറങ്ങുന്നതോടെ ദിവസത്തിന് നല്ലൊരു തുടക്കവും കൂടെ വ്യായാമവും ആകുമെന്നാണ് മറ്റുള്ളവരുടെയും പക്ഷം. സൈക്കിൾ പ്രണയം കടുത്തതോടെ പലരും കൂടുതൽ സൗകര്യങ്ങൾ ഉള്ളതും ഭാരം കുറഞ്ഞതുമായ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി. ഇവ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്.
കൂട്ടായ്മയിലേക്ക് പുതുതായി എത്തുന്നവർക്ക് സൈക്കിൾ വാങ്ങുന്നതിനായി സഹായിക്കാൻ പ്രത്യേക ഫണ്ടും ഇവർക്കുണ്ട്. കുവൈത്തിൽ എത്തിയ സൈക്കിൾ സഞ്ചാരി ഫായിസ് അലിയും വെള്ളിയാഴ്ച കൂട്ടായ്മക്കൊപ്പം കൂടി.
‘മൈൽസ് ഓൺ വീൽസ്’ എന്ന പേരുപോലെ തന്നെയാണ് ഇവരുടെ ലക്ഷ്യവും. പുതിയ ദൂരങ്ങളിലേക്കും ദേശങ്ങളിലേക്കും ചവിട്ടിക്കയറണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.