കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ് പ്രഖ്യാപിച്ച് ജലമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജീവൻ പണയംവെച്ച് പോരാടിയവരെ ബോണസ് നൽകി ജലമന്ത്രാലയം ആദരിക്കുന്നു. കോവിഡ് മുൻനിര പോരാളികളായിരുന്ന വൈദ്യുതി ജലമന്ത്രാലയത്തിലെ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുമെന്ന് ജലവൈദ്യുതി മന്ത്രി എൻജിനീയർ അലി അൽമൂസ പ്രഖ്യാപിച്ചു. ഇതുസംബന്ധമായ നിർദേശത്തിന് സിവിൽ സർവിസ് കമീഷൻ കഴിഞ്ഞ ദിവസം അംഗീകാരവും നൽകി. വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാകും. കോവിഡ് വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ചുനിൽക്കെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച തൊഴിലാളികൾക്കുള്ള ഉപഹാരമാണ് ബോണസെന്ന് എൻജിനീയർ അലി അൽ മൂസ പറഞ്ഞു. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുൻനിരപ്രവർത്തകർക്ക് നേരത്തേ ബോണസ് നൽകിയിരുന്നു. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി മാറ്റിവെച്ചത്.
അതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന വൈദ്യുതി സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. അൽമുത്ലയിൽ 40 ട്രാൻസ്മിഷൻ സ്റ്റേഷനുകളാണ് കമീഷൻ ചെയ്തത്. ഇതിൽ നാലെണ്ണം 400 കിലോവാട്ട് സ്റ്റേഷനുകളും 36 എണ്ണം 132 കെവി സ്റ്റേഷനുകളുമാണ്. 60,000 മീറ്ററും 75,000 മീറ്ററുമുള്ള ഓവർഹെഡ് ലൈനുകളുടെ പ്രവർത്തനവും പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.