പുതിയ അമീർ; ഭരണനേതൃത്വത്തിൽ കഴിവുതെളിയിച്ച വ്യക്തി
text_fieldsകുവൈത്ത് സിറ്റി: ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ 17ാമത്തെ ഭരണാധികാരിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിക്കപ്പെട്ടു. മുൻ ഭരണാധികാരികളുടെ അധികാര കൈമാറ്റത്തിന്റെ ആവർത്തനമായ അമീറിന്റെ സ്ഥാനത്തേക്കുള്ള പതിവ് പിന്തുടർച്ചാവകാശ പ്രകാരമാണ് ശൈഖ് മിശ്അൽ അമീറായി ചുമത ഏൽക്കുന്നത്. അസ്സബാഹ് കുടുംബത്താൽ വളർത്തപ്പെട്ട അസാധാരണ വ്യക്തികളിൽ ഒരാളാണ് ശൈഖ് മിശ്അൽ.
സമർഥരായ മുതിർന്നവരിൽ നിന്നു നേതൃപാടവം ഉൾകൊണ്ട് പ്രയോഗിക്കുന്നയാൾ. കഴിഞ്ഞ മൂന്ന് വർഷമായി കിരീടാവകാശി എന്ന നിലയിൽ ശൈഖ് മിശ്അൽ അന്തരിച്ച അമീറിന്റെ വിശ്വസ്ത പിന്തുണക്കാരനായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതിൽ അമീറിന്റെ പ്രധാന പങ്കാളിയായിരുന്നു. അമീർ അസുഖബാധിതനായപ്പോൾ രാജ്യനേതൃത്വം ഏറ്റെടുക്കുകയും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്തു. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിലും സുരക്ഷയും സമൃദ്ധിയും ശക്തിപ്പെടുത്തുന്നതിലും ശൈഖ് മിശ്അൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത സ്ഥാനങ്ങൾ, നാഷനൽ ഗാർഡ് തലവൻ, വിവിധ നയതന്ത്ര രാഷ്ട്രീയ ദൗത്യങ്ങളിലെ പ്രതിനിധി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനവും നിർവഹിച്ചു. കിരീടാവകാശിയായി മൂന്നു വർഷം പിന്നിട്ടതിന് പിറകെയാണ് രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് ശൈഖ് മിശ്അൽ അൽ എത്തുന്നത്.
മറ്റു നിരവധി സ്ഥാനങ്ങൾ
കുവൈത്ത് എയർക്രാഫ്റ്റ് എൻജിനീയേഴ്സ് ആൻഡ് പൈലറ്റ്സ് അസോസിയേഷന്റെ (1973-2017) ഓണററി ചെയർപേഴ്സനായി ശൈഖ് മിശ്അൽ പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്ത് അമേച്വർ റേഡിയോ സൊസൈറ്റിയുടെ സ്ഥാപകനും ഓണററി പ്രസിഡന്റുമായും കഴിവുതെളിയിച്ചു. ദിവാൻ ഓഫ് പൊയറ്റ്സിന്റെയും ഓണററി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കോവിഡ് കാലത്തെ കരുതൽ
2020 ഒക്ടോബർ എട്ടിനാണ് കിരീടാവകാശിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റത്. കോവിഡ് ലോകത്തെ പിടിമുറുക്കിയ ഘട്ടം കൂടിയായിരുന്നു അത്. കോവിഡ് ഭീതി രാജ്യത്തെ പിടിമുറുക്കിയ ഘട്ടത്തിൽ ശൈഖ് മിശ്അൽ തന്റെ കൂടുതൽ ശ്രദ്ധ പ്രാദേശിക കാര്യങ്ങളിൽ നീക്കിവച്ചു. ആഭ്യന്തര തലത്തിൽ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുള്ള നടപടികൾ അദ്ദേഹം തുടർന്നു. പ്രത്യേക ചുമതലകൾ നിർവഹിക്കുന്നതിന് വിവിധ അധികാരികളെയും അസോസിയേഷനുകളെയും അദ്ദേഹം ഏകോപിപ്പിച്ചു. പരാതികൾ പ്രകടിപ്പിക്കുകയോ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുന്ന സാധാരണ പൗരന്മാരുമായി ശൈഖ് മിശ്അൽ പതിവായി കൂടികാഴ്ചകൾ നടത്തി.
അറബ് രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം
ഗൾഫ് തലത്തിൽ തന്റെ മുൻഗാമികളുടെ പാതയിൽ തന്നെയായിരുന്നു ശൈഖ് മിശ്അൽ. സഹോദര രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്തൽ, പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കൽ, അറബ്-ആഗോള വിഷയങ്ങളിലുള്ള സഹകരണം, രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്നിവയിൽ ശൈഖ് മിശ്അൽ പ്രത്യേക ശ്രദ്ധചെലുത്തി. അയൽ രാജ്യങ്ങൾക്കിടയിൽ ഇടക്കിടെ ഉണ്ടാകുന്ന വിള്ളലുകൾ പരിഹരിക്കുന്നതിലും മുൻഗാമികളുടെ ചുവടുകൾ പിന്തുടർന്നു. അറബ് രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിലും ശൈഖ് മിശ്അൽ ശ്രദ്ധ നൽകിപ്പോന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.