പുതിയ മന്ത്രിസഭാംഗങ്ങൾ അക്കാദമിക് തലങ്ങളിലും മികച്ചവർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന പദവികൾ വഹിച്ചതിനൊപ്പം അക്കാദമിക് തലങ്ങളിലും മികച്ച ട്രാക്ക് റെക്കോഡുള്ളവരാണ് പുതിയ സർക്കാറിലെ അംഗങ്ങൾ. രാജകുടുംബത്തിന് പുറത്തുള്ള മന്ത്രിമാർ പ്രധാന വകുപ്പുകൾ വഹിക്കുന്നു എന്ന പ്രത്യേകതയും ഈ സർക്കാറിനുണ്ട്.
1955ൽ ജനിച്ച പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്. യു.എസിലെ കുവൈത്ത് അംബാസഡർ, വിദേശകാര്യ മന്ത്രി, ഉപപ്രധാനമന്ത്രി, ആക്ടിങ് ഓയിൽ മന്ത്രി എന്നീ പദവികൾ വഹിച്ചു. കുവൈത്ത് യൂനിവേഴ്സിറ്റി പ്രഫസർ, കോളജ് ഓഫ് കൊമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ടീച്ചിങ് അസിസ്റ്റന്റും മിഷൻ അംഗവും ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചു.ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കുവൈത്ത് മിലിറ്ററി അക്കാദമിയിൽ നിന്ന് ബിരുദം നേടി. അമീരി ഗാർഡ് ഓഫിസറായി സേവനമനുഷ്ഠിച്ചു.
ഉപ പ്രധാനമന്ത്രി, എണ്ണ മന്ത്രിയുമായ ഡോ.ഇമാദ് മുഹമ്മദ് അൽ അത്തിഖി ലീഹി പെൻസിൽവാനിയ കോളജിൽ നിന്ന് കെമിക്കൽ എൻഞ്ചിനീയറിങ്ങിൽ പി.എച്ച്.ഡി നേടി. കുവൈത്ത് യൂനിവേഴ്സിറ്റിയിൽ ഗവേഷണ വിഭാഗം മേധാവി ഉൾപ്പെടെ നിരവധി അക്കാദമിക് മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയായ അബ്ദുൽറഹ്മാൻ ബദാഹ് അൽ മുതൈരി കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി. കഴിഞ്ഞ മന്ത്രിസഭകളിൽ വാർത്താവിതരണ മന്ത്രിയായും യുവജനകാര്യ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു. ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷലൈസേഷനിൽനിന്ന് പീഡിയാട്രിക്സിൽ പി എച്ച്.ഡിയും ബഹ്റൈനിലെ അറബ് ഗൾഫ് യൂനിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ എം.ഡിയും അടിസ്ഥാന ശാസ്ത്രത്തിൽ ബി.എയും നേടി. കഴിഞ്ഞ മന്ത്രിസഭകളിലും ആരോഗ്യമന്ത്രിയായിരുന്നു.
ദേശീയ അസംബ്ലി അഫയേഴ്സ് സ്റ്റേറ്റ് മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായിരുന്നു സാമൂഹികകാര്യം, കുടുംബം, ബാല്യകാര്യം, കാബിനറ്റ് കാര്യ സഹമന്ത്രി ഫെറാസ് സൗദ് അസ്സബാഹ്. സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി ഡോ.അൻവർ അലി അൽ മുദാഫ് ക്ലെയർമോണ്ട് കോളജിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. 2014 മുതൽ കുവൈത്തിലെ അൽ അഹ്ലി യുനൈറ്റഡ് ബാങ്കിന്റെ ചെയർമാനാണ്.
യു.കെയിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻഞ്ചിനീയറിങ്ങിൽ പിഎച്ച്.ഡി നേടിയ ആളാണ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജം, ഭവനകാര്യ സഹമന്ത്രി ഡോ.സാലിം ഫലാഹ് അൽ ഹജ്റഫ്. ശാസ്ത്ര മേഖലകളിൽ 30 ലധികം ഗവേഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.ദേശീയ അസംബ്ലി കാര്യം, യുവജനകാര്യം, വാർത്താവിനിമയം സഹമന്ത്രി ദാവൂദ് സുലൈമാൻ മറാഫി ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബാങ്കിങ് മേഖലയിലും ആഗോള ഓഹരി വിപണിയിലും വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ.ആദൽ മുഹമ്മദ് അൽ അദാനി കുവൈത്ത് യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റിവ് സയൻസസ് ഫാക്കൽറ്റിയിൽ മുൻ പ്രഫസറായിരുന്നു. വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ഹമദ് അൽ ജോവാൻ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായുള്ള കുവൈത്തിന്റെ ദേശീയ ഫണ്ടിന്റെ മേധാവിയായിരുന്നു.
വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ യു.എസിലെ വെസ്റ്റേൺ ഒറിഗൺ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കി. അർജന്റീന, ഉറുഗ്വായ്, പരാഗ്വേ തുടങ്ങി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കുവൈത്ത് അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീതിന്യായം, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഫൈസൽ സയീദ് അൽ ഗരീബ് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമം ഇസ്ലാമിക് ശരിഅ എന്നിവയിൽ നിന്ന് ബിരുദം നേടി. 2020 മുതൽ കുവൈത്ത് എയർവേസിന്റെ ഡെപ്യൂട്ടി ചീഫാണ്. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയുമായ ഡോ.നൂറ മുഹമ്മദ് അൽ മഷാൻ കുവൈത്ത് യൂനിവേഴ്സിറ്റിയിലെ എൻജിനീയറിങ് ആൻഡ് പെട്രോളിയം കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.