പുതിയ താമസ നിയമം അടുത്ത ദേശീയ അസംബ്ലി സമ്മേളനം ചർച്ചചെയ്യും
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾകൊള്ളുന്ന പുതിയ താമസ നിയമം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബറിലെ സെഷനിൽ വിഷയം അവതരിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നുവെങ്കിലും മുൻ അമീറിന്റെ നിര്യാണം, സർക്കാർ മാറ്റം തുടങ്ങിയ കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു.
പുതിയ താമസ നിയമത്തിന് കഴിഞ്ഞ സർക്കാർ അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇതിൽ ഭേദഗതികൾ വേണമോ എന്നും അസംബ്ലി ചർച്ചചെയ്യും. ദേശീയ അസംബ്ലിയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുതിയ നിയമം പ്രാബല്യത്തിൽ വരിക.
പുതിയ താമസ നിയമം വരുന്നതോടെ റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും പുതിയ ഫീസ് നിരക്ക് വന്നേക്കുമെന്ന് സൂചനയുണ്ട്. വിസ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. വിദേശികൾക്ക് മൂന്ന് മാസത്തെ താൽക്കാലിക താമസം അനുവദിക്കുന്നതും ഒരു വർഷം വരെ ഇതു നീട്ടാമെന്നതും കരട് നിയമത്തിലുണ്ട്. വിദേശികൾക്ക് അഞ്ച് വർഷവും കുവൈത്തിലെ സ്ത്രീകളുടെയും, റിയൽ എസ്റ്റേറ്റ് ഉടമകളുടെയും കുട്ടികൾക്ക് 10 വർഷവും, നിക്ഷേപകർക്ക് 15 വർഷത്തേക്കും റെസിഡൻസി പെർമിറ്റ് നൽകാമെന്നും നിർദേശത്തിൽ പറയുന്നു.
പ്രവാസികൾക്ക് നിർത്തിവെച്ച കുടുംബവിസ അടുത്തിടെ പുനരാരംഭിച്ചിരുന്നു. 800 ദീനാർ പ്രതിമാസ ശമ്പളവും ബിരുദവും അപേക്ഷകന് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിൽ മാറ്റം വരുമോ എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കുടുംബവിസ പുനരാരംഭിച്ചെങ്കിലും മാനദണ്ഡങ്ങൾ കടുത്തതായതിനാൽ മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുടുംബ സന്ദർശന വിസ പുനരാരംഭിക്കുമോ എന്നതും പ്രവാസികൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ്.ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന ദേശീയ അസംബ്ലി സമ്മേളനങ്ങൾക്കുള്ള ക്ഷണം സ്പീക്കർ അഹമ്മദ് അൽ സദൂൺ എംപിമാർക്ക് അയച്ചിട്ടുണ്ട്. മണ്ഡലങ്ങളിലെ ഭേദഗതികൾ, ജീവിതച്ചെലവ് അലവൻസ്, പെൻഷൻകാർക്ക് പലിശ രഹിത വായ്പകൾ എന്നിവയും രണ്ടു ദിവസത്തെ അജണ്ടയിലെ വിഷയങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.