ഇനിയുള്ള ദിവസങ്ങളിൽ തണുപ്പ് കൂടും, ഡിസംബറിൽ ആകാശം തിളങ്ങും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇനിയുള്ള ദിവസങ്ങളിൽ തണുപ്പ് കൂടും. ഡിസംബർ 22 കടുത്ത ശൈത്യത്തിലേക്ക് കടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സൂര്യൻ ആകാശത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന പരമാവധി ഉയരത്തിൽ എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഇനിയുള്ള നാളുകൾ ചെറിയ പകൽസമയങ്ങളും നീണ്ട രാത്രിയുമായിരിക്കും. ജെമിനിഡ്സ് എന്ന് വിളിക്കപ്പെടുന്ന ഉൽക്കാവർഷങ്ങൾ പോലുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്ര സംഭവങ്ങൾക്കും ഡിസംബർ സാക്ഷ്യംവഹിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
മണിക്കൂറിൽ 120 ഉൽക്കകൾ വരെ കടന്നുപോകുന്ന ഉൽക്കാവർഷം ഏറ്റവും തിളക്കമുള്ള ആകാശ പ്രദർശനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഡിസംബർ 14നും 15നുമാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മനുഷ്യന് നഗ്നനേത്രങ്ങൾകൊണ്ട് ഇത് ദർശിക്കാനാകും. ഡിസംബറിലെ നാലാം ദിവസം ബുധൻ ഗ്രഹം സൂര്യനിൽനിന്ന് ഏറ്റവും അകലെയായിരിക്കുമെന്നും രാത്രി ആകാശത്ത് കാണാമെന്നും കേന്ദ്രം റിപ്പോർട്ട് ചെയ്തു. ചന്ദ്രക്കല 12ന് ദൃശ്യമാകും. ഡിസംബർ 27ന് ആകാശത്ത് പൂർണചന്ദ്രനെ കാണാം.
അതേസമയം, നിലവിൽ രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നവംബർ പകുതിയോടെ കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാണ്. ഇടക്കിടെയുള്ള മഴയും, കാറ്റും തണുപ്പിന്റെ സാന്നിധ്യം വർധിപ്പിക്കുന്നു.
ആളുകൾ പ്രതിരോധ വസ്ത്രങ്ങൾ അണിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. പകലിന്റെ ദൈർഘ്യവും ഇപ്പോൾ കുറവാണ്. അഞ്ചുമണിയോടെയാണ് ഉദയം. വൈകീട്ട് അഞ്ചുമണിയോടെ സന്ധ്യയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.