മെഡിക്കൽ സഹായം ഏറ്റുവാങ്ങാൻ അടുത്ത കപ്പൽ 30ന് എത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് മെഡിക്കൽ സഹായങ്ങൾ ഏറ്റുവാങ്ങാൻ ഇന്ത്യൻ നാവികസേനയുടെ അടുത്ത കപ്പൽ മേയ് 30ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. 'ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയും വിദേശ സഹായവും' പ്രമേയത്തിൽ എംബസി നടത്തിയ ഒാപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലും െഎ.എൻ.എസ് കൊൽക്കത്ത, െഎ.എൻ.എസ് കൊച്ചി, െഎ.എൻ.എസ് തബർ, െഎ.എൻ.എസ് ഷാർദുൽ എന്നീ കപ്പലുകളിലും നൂറുകണക്കിന് മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും മറ്റു മെഡിക്കൽ വസ്തുക്കളും കുവൈത്തിൽനിന്ന് കൊണ്ടുപോയി. കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും മികച്ച സഹകരണമാണ് നൽകുന്നത്.
ഇന്ത്യയെ സഹായിക്കാൻ അവർ കഠിനാധ്വാനം ചെയ്യുകയാണ്. വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, വ്യവസായ പബ്ലിക് അതോറിറ്റി, പോർട്ട് അതോറിറ്റി, കുവൈത്ത് റെഡ് ക്രെസൻറ്, സിവിൽ ഏവിയേഷൻ, പ്രതിരോധ മന്ത്രാലയം, കസ്റ്റംസ് തുടങ്ങിയ വകുപ്പുകൾ റമദാനിലും പെരുന്നാൾ അവധി ദിവസങ്ങളിലും ഇന്ത്യയിലേക്ക് ഒാക്സിജൻ അയക്കാൻ കഠിനാധ്വാനം ചെയ്തു. ഒാക്സിജൻ ഉൽപാദിപ്പിക്കുന്ന കമ്പനികളെയും അഭിനന്ദിക്കുന്നു. പെെട്ടന്നുള്ള ആവശ്യമായിട്ടും സാധനം ലഭ്യമാക്കാൻ അവർ ഏറെ പരിശ്രമിക്കുന്നു. കുവൈത്തിൽനിന്ന് മാത്രമല്ല, മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും അവർ ടാങ്കറുകളും സിലിണ്ടറുകളും ലഭ്യമാക്കി. െഎ.സി.എസ്.ജി, െഎ.ബി.പി.സി, െഎ.ഡി.എഫ്, െഎ.െഎ.എം, െഎ.െഎ.ടി അലുമ്നി, െഎ.സി.എ.െഎ, എൻജിനീയർമാരുടെ സംഘടനകൾ, മറ്റു പ്രഫഷനൽ, സാംസ്കാരിക സംഘടനകൾ, കൂട്ടായ്മകൾ എന്നിവ ഒാക്സിജൻ സിലിണ്ടറുകൾ സമാഹരിക്കാൻ മുന്നോട്ടുവന്നു.
ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കൂടുതൽ സഹായമെത്തിച്ച രാജ്യങ്ങളിലും കുവൈത്ത് മുൻപന്തിയിലാണ്. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സൗഹൃദം വ്യക്തമാക്കുന്ന സന്ദർഭമാണ് കടന്നുപോകുന്നത്. ഇന്ത്യ, കുവൈത്ത് ഉന്നത അധികൃതരുമായി എംബസി വിഷയത്തിൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എല്ലാ പ്രതിസന്ധിയും വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാഴ്ചയിലൊരിക്കൽ എംബസി അഭയകേന്ദ്രത്തിൽ വൈദ്യ പരിശോധന
കുവൈത്ത് സിറ്റി: രണ്ടാഴ്ചയിലൊരിക്കൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഗാർഹികത്തൊഴിലാളികൾക്കായി സജ്ജമാക്കിയ അഭയകേന്ദ്രത്തിൽ വൈദ്യപരിശോധന നടത്തുന്നതായി അംബാസഡർ സിബി ജോർജ് അറിയിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിെൻറ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.
ചികിത്സ ആവശ്യമുള്ളവർക്ക് അതിന് സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിെൻറ സഹകരണം അഭിനന്ദനാർഹമാണ്. െഎ.ഡി.എഫുമായി ചേർന്നുള്ള അടുത്ത അവബോധ കാമ്പയിനും ചർച്ചയും മേയ് 31ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് കാല സാഹചര്യം മുൻനിർത്തി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ഇന്ത്യൻ എംബസിയും സഹകരിച്ച് ആരംഭിച്ച ടെലി മെഡിക്കൽ സേവനം തുടരുന്നു.
എംബസി പാനലിലെ 44 ഡോക്ടർമാർ നിശ്ചിത സമയങ്ങളിൽ വിവിധ ഭാഷകളിൽ സൗജന്യമായി ഫോണിലൂടെ വൈദ്യസഹായം ലഭ്യമാക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, തെലുഗു, ഉറുദു, തമിഴ്, ബംഗാളി, കൊങ്കിണി, അറബി ഭാഷകളിലാണ് ഡോക്ടർമാർ ഫോൺ കൺസൽേട്ടഷൻ നടത്തുന്നത്. മെഡിക്കൽ പാനലിലെ ഡോക്ടർമാരുടെ വിശദാംശങ്ങൾ എംബസി വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമം സൂക്ഷിച്ച് ഉപയോഗിക്കണം –അംബാസഡർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർ സമൂഹമാധ്യമം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. എംബസി സംഘടിപ്പിച്ച ഒാപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേർ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിെൻറ പേരിൽ പെട്ടുപോയിട്ടുണ്ട്. ഇൗ രാജ്യത്തിെൻറ നിയമങ്ങൾ അനുസരിക്കാനും രാഷ്ട്രീയ, സാമൂഹിക, മത വിഷയങ്ങളിൽ മറ്റുള്ളവരെ മുറിപ്പെടുത്താതിരിക്കാനും നാം ബാധ്യസ്ഥരാണ്.
സാമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലും ഇൗ ജാഗ്രത പുലർത്തണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരാണ് നമ്മൾ. അഭിമാനപൂർവം അഭിപ്രായങ്ങൾ പറയാൻ കഴിയും. എന്നാൽ, അത് വലിയ ഉത്തരവാദിത്തമാണ്. മേഖലാതലത്തിലുള്ളതും ദേശീയ തലത്തിലുള്ളതും അന്താരാഷ്ട്ര തലത്തിലുമുള്ള എല്ലാവിഷയങ്ങളിലും ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നുണ്ട്. മറ്റുള്ളവരെ ഉൾക്കൊള്ളാനും മാനിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്.
എല്ലാത്തിനുമപ്പുറം നിയമവ്യവസ്ഥക്കുള്ളിൽനിന്ന് മാത്രമേ പ്രവർത്തിക്കാനും പ്രതികരിക്കാനും അവകാശമുള്ളൂ. നമ്മൾ മറ്റൊരു രാജ്യത്താകുേമ്പാൾ കൂടുതൽ ഉത്തരവാദിത്തമുണ്ട്. ആ രാജ്യത്തിെൻറ സംസ്കാരവും ആചാരങ്ങളും പാരമ്പര്യവും നാം മാനിച്ചേ മതിയാകൂ. ഒരു കാരണവശാലും ബോധപൂർവമോ അല്ലാതെയോ അറിഞ്ഞുകൊണ്ടോ അറിയാതെയോ രാജ്യത്തിെൻറ നിയമത്തിന് എതിരായ കാര്യം ചെയ്യാൻ പാടില്ല. അത് സമൂഹമാധ്യമങ്ങളിലും ബാധ്യസ്ഥമാണെന്ന് അംബാസഡർ സിബി ജോർജ് കൂട്ടിച്ചേർത്തു.
നാട്ടിലുള്ളവരുടെ വാക്സിനേഷൻ വ്യക്തമായ മാർഗനിർദേശം ലഭിച്ചാൽ അറിയിക്കുമെന്ന് അംബാസഡർ
കുവൈത്ത് സിറ്റി: നാട്ടിലുള്ള പ്രവാസികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ആശങ്ക കുവൈത്ത്, ഇന്ത്യൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഇന്ത്യയിലെ വാക്സിനുകൾ കുവൈത്തിൽ സ്വീകാര്യമാണോ, കുവൈത്ത് അംഗീകൃതമല്ലാത്ത വാക്സിൻ സ്വീകരിച്ചാൽ എന്ത് സംഭവിക്കും, ഇന്ത്യയിൽ നിന്ന് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈത്തിൽ സാധുതയുള്ളതാണോ, പാസ്പോർട്ടുമായി ബന്ധപ്പെടുത്തി വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എങ്ങനെ ലഭിക്കും, പാസ്പോർട്ടിൽ പ്രത്യേക വാക്സിനേഷൻ സ്റ്റാമ്പ് പതിക്കുമോ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലെ ഏതെങ്കിലും അധികാരികൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടോ, ആദ്യ ഡോസ് വാക്സിൻ പുറത്തു നിന്നും സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് കുവൈത്തിൽ സ്വീകരിക്കാൻ കഴിയുമോ, വാക്സിനേഷൻ നൽകിയവരെ പി.സി.ആർ പരിശോധനയിൽ നിന്നും ക്വാറൻറീനിൽനിന്നും ഒഴിവാക്കുമോ തുടങ്ങി നിരവധി അന്വേഷണങ്ങൾ ഇതുമായി ബന്ധപ്പെട്ട് എംബസിക്ക് ലഭിക്കുന്നുണ്ട്.
കുവൈത്ത് വിദേശികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിക്കുമ്പോൾ ഉയർന്നുവരാൻ സാധ്യതയുള്ള വിഷയമാണത്. വിഷയങ്ങൾ ഉന്നത അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.ഇനിയും എംബസി ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തും. വിഷയത്തിൽ കുവൈത്തി അഭിഭാഷകർ ഉൾപ്പെടെയുള്ള വിദഗ്ധരെ പെങ്കടുപ്പിച്ച് വെബിനാർ സംഘടിപ്പിക്കും. അധികൃതരിൽനിന്ന് വ്യക്തമായ മാർഗനിർദേശവും തീരുമാനവും ലഭിച്ചാൽ സമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.