ഗാർഹിക തൊഴിലാളികൾ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടുന്നത് വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടുന്ന ഗാർഹിക ജോലിക്കാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. ജോലി ഭാരവും ഡ്യൂട്ടി സമയം വർധിച്ചതുമാണ് തൊഴിലാളികൾക്കിടയിൽ ഒളിച്ചോട്ടപ്രവണത വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഗാർഹികത്തൊഴിലാളികൾക്ക് വലിയ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്പോൺസർമാരിൽ നിന്നും ഒളിച്ചോടി മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പ്രവണത വർധിച്ചത്. കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയച്ചിരുന്ന ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വിമാനസർവിസ് ഇല്ലാത്തതിനാൽ അവധിക്കു പോയ നിരവധി തൊഴിലാളികൾ ഇനിയും മടങ്ങിയെത്തിയിട്ടില്ല. വിസവിതരണം പുനരാരംഭിക്കാത്തതിനാൽ പുതിയ റിക്രൂട്ട്മെൻറുകളും നടക്കുന്നില്ല. തൊഴിലാളികളുടെ ഒളിച്ചോട്ടം കൂടി വർധിച്ചതോടെ ഗാർഹികത്തൊഴിൽ മേഖല വലിയ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ ഉൾപ്പെടെ രാജ്യത്തു നടപ്പാക്കിയ നിയന്ത്രങ്ങൾ വീട്ടുജോലിക്കാരുടെ ജോലിഭാരം വർധിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ കൂടുതൽ സമയം വീട്ടിലുണ്ടാകുന്നതും ഔട്ടിങ് കുറഞ്ഞതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗാർഹിക വിസ വിതരണം പുനരാരംഭിക്കണമെന്ന് എം.പിമാർ ഉൾപ്പെടെയുള്ളവർ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒളിച്ചോടുന്ന തൊഴിലാളികൾ പിടിയിലായാൽ നാടുകടത്തുമെന്നും ഇവർക്ക് തൊഴിലോ അഭയമോ നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.