കർശന പരിശോധന തുടരുന്നു; താമസനിയമലംഘകരുടെ എണ്ണം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസനിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന കർശനമാക്കിയതോടെ ഇത്തരക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. താമസനിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏകദേശം 30,000 കുറഞ്ഞുവെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിലെ നിയമലംഘകരുടെ എണ്ണം 1,21,174 ആണെന്ന് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
താമസനിയമലംഘകരെ കർശനമായി നേരിടാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ യോജിച്ച ശ്രമങ്ങളാണ് നിയമലംഘകരുടെ എണ്ണം കുറക്കാൻ സഹായിച്ചത്. ഏതാനും മാസങ്ങൾക്കു മുമ്പ് നിയമലംഘകരുടെ എണ്ണം 1,50,000 കവിഞ്ഞിരുന്നു. ഇവരെ മൊത്തം പിടികൂടുന്നതിന് ശ്രമം തുടരുകയാണ്.
അതേസമയം, നിയമലംഘകർക്ക് ഗ്രേസ് പീരിയഡ് അനുവദിക്കുകയും പരിശോധനകൾ തുടരുകയും ചെയ്യുന്നതിലൂടെ നിയമലംഘകരുടെ എണ്ണം വലിയതോതിൽ കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സ്വദേശി വിദേശി അനുപാതത്തിലും ഇത്തരക്കാർ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ട്. താമസനിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും പരിശോധന തുടരുന്നുണ്ട്. പിടിയിലാകുന്നവരെ നടപടികൾ പൂർത്തിയാക്കി നാടുകടത്തുകയാണ് പതിവ്.
വിവിധ ജോലികൾക്കായി എത്തുകയും വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ രാജ്യത്ത് തങ്ങുകയും ചെയ്യുന്നവരെയാണ് പിടികൂടി നാടുകടത്തുന്നത്. ഇത്തരക്കാർക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങിവരാനാകില്ല. വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനങ്ങൾ അടക്കമുള്ള പരിശോധനകളും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.